ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസിന് മൂന്നിടത്തും ജയിച്ചേ തീരൂ

അൻവറിന്‍റെ സ്ഥാനാർഥികൾ പാലക്കാട്ടും ചേലക്കരയിലും പിടിക്കുന്ന വോട്ട് യുഡിഎഫിനെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.
bypoll: Congress must win all three seats
ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസിന് മൂന്നിടത്തും ജയിച്ചേ തീരൂ
Updated on

എം.ബി. സന്തോഷ്

തിരുവനന്തപുരം: വയനാട് ലോകസഭാ സീറ്റിലെ ഭൂരിപക്ഷം അഞ്ചുലക്ഷം എത്തിക്കാനാവുമോ എന്ന് ആശങ്കപ്പെടുന്ന കോൺഗ്രസിന് പാലക്കാട് നിയമസഭാ സീറ്റിൽ ജയിച്ചേ തീരൂ. ചേലക്കര നിയമസഭാ മണ്ഡലം പിടിച്ചെടുത്താൽ വരാനിരിക്കുന്ന തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജയിക്കാമെന്നു മാത്രമല്ല അടുത്തത് യുഡിഎഫ് ഭരണമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനുമാവും. അതുകൊണ്ടു തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 3 ഇടത്തും ജയിക്കേണ്ടത് കോൺഗ്രസിന് അനിവാര്യം.

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ജയത്തിൽ സംശയമില്ല. നിലമ്പൂരിൽ കഴിഞ്ഞ തവണ എൽഡിഎഫിന്‍റെ പ്രചാരണം നയിച്ച പി.വി. അൻവറിന്‍റെ പിന്തുണയോടെ രാഹുൽ ഗാന്ധിക്ക് കിട്ടിയ 3,64,422 വോട്ടിന്‍റെ ഭൂരിപക്ഷം 5 ലക്ഷമാക്കാമെന്നാണ് പ്രതീക്ഷ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ഇടഞ്ഞെങ്കിലും അൻവറിന്‍റെ സ്ഥാനാർഥികൾ പാലക്കാട്ടും ചേലക്കരയിലും പിടിക്കുന്ന വോട്ട് യുഡിഎഫിനെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.

പാലക്കാട്ടെ മുൻ എംഎൽഎയായ ഷാഫി പറമ്പിൽ എംപിയെ വിമർശിച്ച് കൂടുതൽ നേതാക്കൾ ഓരോ ദിവസവും മുന്നോട്ടു വരുന്നത് വെല്ലുവിളിയായിട്ടുണ്ട്. ആദ്യം വിമർശിച്ച് പുറത്തുപോയ ഐടി സെൽ മേധാവി ഡോ. പി. സരിൻ എൽഡിഎഫിന്‍റെ സ്ഥാനാർഥിയായി. യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എ.കെ. ഷാനിബിനെ കഴിഞ്ഞ ദിവസം പുറത്താക്കി. അതിനുശേഷം ഷാഫിക്കെതിരേ ഗുരുതരമായി ആരോപണമുന്നയിച്ച ഡിസിസി സെക്രട്ടറി ഷിഹാബുദ്ദീനെ അനുനയിപ്പിക്കാനുള്ള ശ്രമം കോൺഗ്രസ് നടത്തിവരികയാണ്.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിനെ ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് നേട്ടം കൊയ്യാമെന്നാണ് കരുതിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച രാഹുൽ ലീഡർ കെ. കരുണാകരന്‍റെ തൃശൂരിലെ മുരളീമന്ദിരം വഴി വന്നിട്ടും അവിടം സന്ദർശിക്കാത്തത് വിവാദമാക്കിയത് ബിജെപിയാണ്. അത് ലീഡറുമായി ആത്മബന്ധമുള്ള പ്രവർത്തകരുടെയും നേതാക്കളുടെയും വോട്ട് ലക്ഷ്യം വച്ചാണെന്ന് വ്യക്തം.

പാലക്കാട്ടുകാരനായ സ്ഥാനാർഥിയെന്ന് ബിജെപിയുടെ സി. കൃഷ്ണകുമാറിന്‍റെ പ്രചാരണത്തിന് അദ്ദേഹം തന്നെ മത്സരിച്ചിട്ടും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭ മണ്ഡത്തില്‍ 9,707 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിച്ചത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്‍റെ തിരിച്ചടി. ഇ. ശ്രീധരൻ മത്സരിച്ചതിനാലാണ് 2021ൽ 3,859 വോട്ടായി ഭൂരിപക്ഷം കുറഞ്ഞതെന്നാണ് കോൺഗ്രസ് വിശദീകരണം.

തുടർച്ചയായി 6 തവണ എൽഡിഎഫ്‌ സ്ഥാനാർഥിയെ വിജയിപ്പിച്ച ചേലക്കരയിൽ നേരത്തെ അര ഡസനിലേറെ തെരഞ്ഞെടുപ്പിൽ ജയിച്ചത് ചൂണ്ടിക്കാട്ടി ഇത്തവണ "ബാലികേറാമലയല്ല' എന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 6 ജയങ്ങളിൽ അഞ്ചും നേടിയ കെ. രാധാകൃഷ്ണനല്ല സ്ഥാനാർഥി. രാധാകൃഷ്ണന് ലോക്സഭയിലേക്ക് ഇവിടെ നിന്ന് 5,173 വോട്ടിന്‍റെ ഭൂരിപക്ഷമേ കിട്ടിയുള്ളൂ. ഇത്തവണത്ത സിപിഎം സ്ഥാനാർഥി യു.ആർ. പ്രദീപ്‌ 2016ൽ കന്നി മത്സരത്തിൽ 10,200 വോട്ടിനാണ് ജയിച്ചത്. ആഞ്ഞുപിടിച്ചാൽ ഈ കണക്കുകൾ മറികടന്ന് ജയം എത്തിപ്പിടിക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.

Trending

No stories found.

Latest News

No stories found.