പത്തു വർഷത്തിനു ശേഷം ഇതാദ്യമായി ജമ്മു കശ്മീർ പോളിങ് ബൂത്തിലെത്തി. ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി വിജയിച്ചെങ്കിലും പലതിലും ഭൂരിപക്ഷം ആയിരം വോട്ടിൽ താഴെ മാത്രം. മൂന്നക്ക ഭൂരിപക്ഷം ലഭിച്ചവരിൽ ഒരു ബിജെപി സ്ഥാനാർഥിയും ഉൾപ്പെടുന്നു.
ഏറ്റവും കുറവ് ലീഡ് നിലയോടെ വിജയിച്ചത് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ (പിഡിപി) റഫീഖ് അഹമ്മദ് നായിക് ആണ്. 460 വോട്ടുകൾക്കാണ് റഫീഖ് അഹമ്മദ് ട്രാൽ സീറ്റിൽ വിജയിച്ചത്. ഈ വർഷത്തെ തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ മാർജിനായി ഇത് പരിഗണിക്കപ്പെടുന്നു. മുൻ മന്ത്രി അലി മുഹമ്മദ് നായിക്കിന്‍റെ മകനാണ് ഇദ്ദേഹം. നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയത് കോൺഗ്രസിന്‍റെ സുരീന്ദർ സിങിനെയും.
ആയിരം വോട്ടിനു താഴെ മാർജിൻ വിജയം നേടിയ ആറു മണ്ഡലങ്ങളാണ് ജമ്മു കശ്മീരിലുള്ളത്. അതിൽ ഒന്നാമതാണ് ട്രാൽ.
ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വിജയം നേടിയത് നവാഗതയായ ബിജെപി നേതാവ് ഷഗുൺ പരിഹാർ ആണ്. കിഷ്ത്വർ മണ്ഡലത്തിൽ 521 വോട്ടുകൾക്കാണ് 29 കാരിയായ ഷഗുൺ നാഷണൽ കോൺഫറൻസിന്‍റെ സജ്ജാദ് അഹമ്മദ് കിച്ച്ളുവിനെ പരാജയപ്പെടുത്തിയത്.
2018 നവംബറിൽ ഷഗുണിന്‍റെ പിതാവ് അജിത് പരിഹാറും അമ്മാവൻ അനിൽ പരിഹാറും തീവ്രവാദികളാൽ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വനിതാ യുവനേതാവ് ശക്തമായ മത്സരം വിജയത്തിലേയ്ക്ക് എത്തിച്ചത്.
നാഷണൽ കോൺഫറൻസിന്‍റെ ജാവെദ് റിയാസാണ് ഏറ്റവും കുറഞ്ഞ മാർജിനിൽ വിജയം കണ്ട നേതാക്കളിൽ മൂന്നാം സ്ഥാനത്ത്. ജമ്മു & കശ്മീർ പീപ്പിൾ കോൺഫറൻസിലെ ഇമ്രാൻ റാസ അൻസാരിയെ അദ്ദേഹം പട്ടാനിൽ 603 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
നാഷണൽ കോൺഫറൻസിന്‍റെ ചൗദ്രി മുഹമ്മദ് റംസാനോട് മുൻ മന്ത്രി സജ്ജദ് ഗനി ലോൺ ഹന്ദ്വാരയിൽ പരാജയപ്പെട്ടതാകട്ടെ വെറും 662 വോട്ടിന്!
ബന്ദിപ്പുരയിൽ രണ്ട് സ്വതന്ത്ര സ്ഥാനാർഥികൾ തമ്മിലായിരുന്നു തെരഞ്ഞെടുപ്പു പോരാട്ടം. നിസാമുദ്ദീൻ ഭട്ടും ഉസ്മാൻ അബ്ദുൾ മജീദും തമ്മിൽ. ഭട്ട് ഈ മത്സരത്തിൽ മജീദിനെതിരെ 811 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ആയിരത്തിൽ താഴെ മാർജിനിൽ വിജയിച്ച ആറു മണ്ഡലങ്ങളിൽ ആറാം സ്ഥാനത്തുള്ളത് ദേവ്‌സർ സീറ്റിൽ 840 വോട്ടിന് വിജയിച്ച നാഷണൽ കോൺഫറൻസിന്‍റെ പീർസാദ ഫിറോസ് അഹമ്മദ് ആണ്.