മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

തൃശൂരിന് പിന്നാലെ പാലക്കാട്ടും താമര വിരിയിക്കാനാഗ്രഹിച്ച ബിജെപിക്ക് ഇത്തവണയും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു
LDF, UDF stable in by election
മുന്നണികൾക്ക് തൽസ്ഥിതി നേട്ടം
Updated on

എം.ബി. സന്തോഷ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിൽ "തൽസ്ഥിതി നേട്ട'മുണ്ടാക്കി മുന്നണികൾ. "അരിവാള്‍ ചുറ്റിക നക്ഷത്ര'ത്തില്‍ ഇത്തവണ മത്സരിച്ച ഏക സീറ്റായ ചേലക്കരയിൽ മികച്ച ഭൂരിപക്ഷത്തോടെ സിപിഎം ജയിച്ചപ്പോൾ സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന് പ്രഖ്യാപിക്കാനും എൽഡിഎഫിന് ആത്മവിശ്വാസത്തോടെ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്ക് പോകാനും വഴിയൊരുങ്ങി.

പാലക്കാട് സിറ്റിങ് സീറ്റ് റെക്കോഡ് ഭൂരിപക്ഷത്തിൽ നിലനിർത്തിയതോടെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തൃശൂർ സിറ്റിങ് സീറ്റ് ബിജെപി പിടിച്ചതിന്‍റെ ഞെട്ടലിൽനിന്ന് മുക്തമാകാനും ഭാവി തെരഞ്ഞെടുപ്പുകളിലേക്ക് ആവേശത്തോടെയുള്ള മുന്നൊരുക്കത്തിനും യുഡിഎഫിന് എളുപ്പമാവും. തൃശൂരിന് പിന്നാലെ പാലക്കാട്ടും താമര വിരിയിക്കാനാഗ്രഹിച്ച ബിജെപിക്ക് ഇത്തവണയും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത് അടുത്ത തെരഞ്ഞെടുപ്പുകളിൽ എത്രമാത്രം ഗുണകരമാവുമെന്ന് വ്യക്തമാവേണ്ടതുണ്ട്.

ചേലക്കരയെ ചുവപ്പിച്ച കെ. രാധാകൃഷ്ണന് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 5,173 വോട്ടിന്‍റെ ഭൂരിപക്ഷമേ നേടാനായുള്ളൂ എന്നതിനാൽ രമ്യ ഹരിദാസിനെത്തന്നെ നിർത്തി ജയിപ്പിച്ചെടുക്കാം എന്നായിരുന്നു യുഡിഎഫ് കണക്കുകൂട്ടൽ. 6,000ത്തോളം പുതിയ വോട്ടുകൾ ചേർത്തതായി യുഡിഎഫ് നേതാക്കൾ അവകാശപ്പെടുകയും ചെയ്തു. രാഷ്‌ട്രീയ വിജയം ഉണ്ടാകണമെങ്കിൽ ചേലക്കര പിടിക്കണമെന്ന യുഡിഎഫിന്‍റെ ആഗ്രഹങ്ങൾക്ക് തിരിച്ചടിയാണ് ഈ ഫലം. 2021ലെ രാധാകൃഷ്ണന്‍റെ ഭൂരിപക്ഷമായ 39,400ലേക്ക് എത്തിയില്ലെങ്കിലും 2016ൽ ലഭിച്ച 10,200 വോട്ടുകളുടെ ഭൂരിപക്ഷം ഇക്കുറി യു.ആർ. പ്രദീപ് മറികടന്നു.

പ്രാദേശിക കോൺഗ്രസ് നേതാക്കളുടെയും എംപി വി.കെ. ശ്രീകണ്ഠന്‍റെയും എതിർപ്പുകളെയും മറികടന്നാണ് പത്തനംതിട്ടക്കാരനായ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥിയായി എത്തിയത്. രാഹുൽ ചരിത്ര വിജയം നേടിയതോടെ അദ്ദേഹത്തെ സ്ഥാനാർഥിയാക്കിയ വടകര എംപി ഷാഫി പറമ്പിൽ കോൺഗ്രസിന്‍റെ പുതു തലമുറ നേതാക്കളിൽ കരുത്തനായി. അദ്ദേഹത്തിന് കണ്ണടച്ചു പിന്തുണ നൽകിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെയും നേട്ടമാണിത്.

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തെ കുറിച്ചു മാത്രമായിരുന്നു തുടക്കം മുതൽ ചർച്ച. അവിടെ ഏകപക്ഷീയ വിജയം പ്രതീക്ഷിച്ചതാണ്. സത്യൻ മൊകേരിയെപ്പോലെ ഒരു നേതാവ് മത്സരിച്ചിട്ടും എൽഡിഎഫ് പ്രവർത്തകർക്കുപോലും ഒരു ചടങ്ങ് എന്നതിനപ്പുറം മത്സരത്തെ കാണാനായില്ല. ബിജെപി പോലും ഗൗരവത്തോടെ തെരഞ്ഞെടുപ്പിനെ കണ്ടില്ലെന്നാണ് ഫലം നൽകുന്ന സൂചന.

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പില്‍ ആദ്യമായാണ് വിജയിക്കുന്നു എന്ന റെക്കോഡ് സ്വന്തമാക്കാനാണ് പാലക്കാട്ട് ബിജെപി ലക്ഷ്യമിട്ടത്. സംഘടനാ കരുത്തിനൊപ്പം മികച്ച സ്ഥാനാർഥിയും ഒത്തുചേർന്നപ്പോഴാണ് നേരത്തേ തൃശൂരിലും നേമത്തും ബിജെപി ജയിച്ചത്. ആ ഒത്തുചേരൽ പാലക്കാട്ടുണ്ടായില്ല എന്ന വിലയിരുത്തൽ ഇതിനകം പുറത്തുവന്നിട്ടുണ്ട്. പാലക്കാട്ടെ വീഴ്ച ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരേ നിലകൊള്ളുന്നവര്‍ക്ക് ഊര്‍ജമാവും.

ഇടതുചേരിവിട്ട പി.വി. അൻവർ എംഎൽഎ നയിക്കുന്ന "ഡിഎംകെ'യുടെ എൻ.കെ. സുധീർ ചേലക്കരയിൽ 3,909 വോട്ടാണ് നേടിയത്. ഒരു നിയമസഭാ മണ്ഡലത്തിൽ അത് തീരെ കുറവല്ല. യുഡിഎഫ് ചേരിയിലേക്ക് അൻവറിന് എത്താൻ ഇത് സഹായിച്ചേക്കും.

Trending

No stories found.

Latest News

No stories found.