രാജ്യം ഉറ്റുനോക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച തികച്ചില്ല. നവംബർ ഇരുപതിന് ഒരൊറ്റ ഘട്ടമായി സംസ്ഥാനത്തെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പു നടക്കുകയാണ്. നവംബർ 23നു വോട്ടെണ്ണുമ്പോൾ നിലവിലുള്ള സർക്കാരാണോ പ്രതിപക്ഷ മുന്നണിയാണോ അധികാരത്തിലെത്തുക എന്നതു പ്രവചനാതീതമാണ്. രണ്ടു മുന്നണികൾ തമ്മിലുള്ള ശക്തമായ പോരാട്ടം മഹാരാഷ്ട്ര രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ചിട്ടുണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പിനുള്ള പ്രധാന പ്രത്യേകത സംസ്ഥാനത്തെ രണ്ടു പ്രമുഖ പാർട്ടികൾ പിളർന്ന ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്നതാണ്. ഉദ്ധവ് താക്കറെയുടെ സർക്കാരിനെ താഴെയിറക്കിയാണ് ആദ്യം ശിവസേന പിളർന്നത്. താക്കറെ വിരുദ്ധ ഗ്രൂപ്പിന്‍റെ നേതാവായ ഏകനാഥ് ഷിൻഡെ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയാവുകയും ചെയ്തു. പിന്നീട് എന്‍സിപിയിലെ അജിത് പവാർ പക്ഷവും പാർട്ടി പിളർത്തി പുറത്തുവന്ന് ഷിൻഡെ സർക്കാരിൽ പങ്കാളികളായി. പാർട്ടികളുടെ പിളർപ്പുകളോടുള്ള ജനങ്ങളുടെ പ്രതികരണം ആരെ തുണയ്ക്കുമെന്ന് കണ്ടറിയണം. ആരു നിലനിൽക്കും ആരൊക്കെ പുറത്താവും എന്നത് ഇത്തവണ വളരെ പ്രസക്തമാണ്.
പാർട്ടികളുടെ പിളർപ്പുകൾ അടക്കം രാഷ്ട്രീയം ആകെ കലങ്ങിമറിഞ്ഞ വർഷങ്ങളായിരുന്നു മഹാരാഷ്ട്രയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷമുണ്ടായത്. രാഷ്ട്രപതി ഭരണവും മൂന്നു മുഖ്യമന്ത്രിമാരെയും ഇതിനിടെ സംസ്ഥാനം കണ്ടു. 2019 ഒക്റ്റോബറിലായിരുന്നു ഇതിനു മുൻപുള്ള അവസാന തെരഞ്ഞെടുപ്പ്. ബിജെപി-ശിവസേനാ സഖ്യത്തിനു ഭൂരിപക്ഷം കിട്ടിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ ഈ പാർട്ടികളുടെ ബന്ധം മുറിഞ്ഞു. ബിജെപിക്ക് 105, ശിവസേനയ്ക്ക് 56 സീറ്റു വീതമായിരുന്നു. സഖ്യം വേർപെട്ടതോടെ രാഷ്ട്രീയ അനിശ്ചിതത്വമായി. ഫലം കുറച്ചുകാലത്തെ രാഷ്ട്രപതി ഭരണം. എൻസിപിയിലെ അജിത് പവാറിനെയും കൂട്ടരെയും ഒപ്പമെത്തിച്ചാണ് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് അപ്രതീക്ഷിത രാഷ്ട്രീയ നാടകത്തിലൂടെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അജിത് പവാർ ഉപമുഖ്യമന്ത്രിയുമായി. എന്നാൽ, അജിത്തിനെയും അനുയായികളെയും എന്‍സിപിയിൽ തിരിച്ചെത്തിക്കാൻ ശരദ് പവാറിനു കഴിഞ്ഞു. അതോടെ അധികാരമേറ്റ് മൂന്നാം ദിവസം സർക്കാർ വീണു.
മഹാവികാസ് അഘാഡി (എംവിഎ) എന്ന മുന്നണിയായി ശിവസേന-എൻസിപി- കോൺഗ്രസ് സർക്കാർ അധികാരമേറ്റു. ബിജെപി നിഷേധിച്ച മുഖ്യമന്ത്രിസ്ഥാനം ഉദ്ധവ് താക്കറെയ്ക്കു കിട്ടി. ബിജെപിക്ക് ശക്തമായ തിരിച്ചടിയായിരുന്നു ഈ കൂട്ടുകെട്ട്. ഇത്രകാലവും രാഷ്ട്രീയ എതിരാളികളായിരുന്ന കോൺഗ്രസും ശിവസേനയും ഒരു മുന്നണിയിൽ വന്നത് ബിജെപി വിരോധത്തിന്‍റെ പേരിലാണ്. അജിത് പവാർ ഈ സർക്കാരിലും ഉപമുഖ്യമന്ത്രിയായി. സ്ഥിരതയുണ്ടാവുമെന്നു തോന്നിച്ച സർക്കാരിനു പക്ഷേ, മൂന്നു വർഷം തികച്ചു ഭരിക്കാനായില്ല. ശിവസേനയെ പിളർത്താൻ ബിജെപിക്കു കഴിഞ്ഞപ്പോൾ താക്കറെ ദുർബലനായി. ഭൂരിപക്ഷമില്ലാതെ അധികാരത്തിൽ നിന്നു പുറത്തായി. ശിവസേനയിലെ പിളർപ്പു നയിച്ച ഷിൻഡെ മുഖ്യമന്ത്രിയായപ്പോൾ ഫഡ്നാവിസ് ഉപമുഖ്യമന്ത്രി. യഥാർഥ ശിവസേന പാർട്ടിയായി തെരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചത് ഷിൻഡെയുടെ വിഭാഗത്തെയാണ്. അധികാരം നഷ്ടപ്പെട്ട താക്കറെയ്ക്ക് തിരിച്ചുവരവ് ഗംഭീരമാക്കണമെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടണം എന്നതാണ് അവസ്ഥ. എന്നാൽ, പാർട്ടി അണികൾ തന്നെ തുണയ്ക്കുമെന്ന വിശ്വാസത്തിലാണു ഷിൻഡെ. മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് പാർട്ടിയിൽ തന്‍റെ സ്ഥാനം ഉറപ്പിച്ചുനിർത്താൻ അദ്ദേഹത്തിനായിട്ടുണ്ട്.
ഒരു വിഭാഗം എംഎൽഎമാരെയും കൊണ്ട് അജിത് പവാർ വീണ്ടും ബിജെപി പാളയത്തിലെത്തുന്നത് കഴിഞ്ഞവർഷം ജൂലൈ തുടക്കത്തിലാണ്. ഷിൻഡെ സർക്കാരിൽ അദ്ദേഹം ഫഡ്നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി. നാലുവർഷത്തിനിടെ മൂന്നാം തവണ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നേതാവ് എന്ന വിശേഷണമാണ് അജിത് പവാറിനുള്ളത്. അനന്തരവന്‍റെ ഈ നീക്കത്തിൽ ദുർബലനായിപ്പോയ ശരത് പവാറിനും കരുത്തു തെളിയിക്കണം ഈ തെരഞ്ഞെടുപ്പിലൂടെ. ഈ തെരഞ്ഞെടുപ്പിൽ രണ്ടു ശിവസേനകളും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്നത് 49 സീറ്റുകളിലാണ്. രണ്ട് എന്‍സിപികളും തമ്മിൽ നേരിട്ടുള്ള പോരാട്ടം 36 സീറ്റുകളിൽ. ജനങ്ങൾ അംഗീകരിക്കുന്ന ശിവസേനയും എൻസിപിയും ഏതാണ് എന്നു തെളിയിക്കാൻ അങ്ങനെ 85 മണ്ഡലങ്ങളിൽ പോരാട്ടം കനക്കുന്നു.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്‍സിപികൾ നേരിട്ട് ഏറ്റുമുട്ടിയത് രണ്ടു മണ്ഡലങ്ങളിലാണ്. രണ്ടിലും ശരദ് പവാറിന്‍റെ പാർട്ടിക്കായിരുന്നു ജയം. ശിവസേനകൾ തമ്മിൽ ഏറ്റുമുട്ടിയത് 13 മണ്ഡലങ്ങളിൽ. അതിൽ ഏഴിലും ഷിൻഡെ വിഭാഗം ജയിച്ചു. ഇതു ഷിൻഡെയുടെ കരുത്തുകൂട്ടുന്നതിന് ഉപകരിക്കുകയും ചെയ്തു. ആകെ 48 ലോക്സഭാ സീറ്റുകളാണ് മഹാരാഷ്ട്രയിലുള്ളത്. അതിൽ 13 സീറ്റിൽ വിജയിച്ച കോൺഗ്രസാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കൂടുതൽ നേട്ടമുണ്ടാക്കിയത്. അവർ ആകെ മത്സരിച്ചത് 17 സീറ്റിൽ. 28 മണ്ഡലങ്ങളിൽ മത്സരിച്ച ബിജെപിക്ക് ഒമ്പതിടത്തു മാത്രമായിരുന്നു വിജയം. ഈ തിരിച്ചടിയിൽ നിന്നാണ് ബിജെപിക്കു കരകയറേണ്ടതും. സീറ്റ് കുറവായിരുന്നെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതത്തിൽ മുന്നിലായിരുന്നു ബിജെപി. 26.2 ശതമാനം വോട്ട് അവർക്കുണ്ടായിരുന്നു. കോൺഗ്രസിനു കിട്ടിയത് 16.9 ശതമാനം വോട്ടാണ്. 21 സീറ്റിൽ മത്സരിച്ച ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് 16.7 ശതമാനം വോട്ടു ലഭിച്ചു. പത്തിടത്തു മത്സരിച്ച് എട്ടിലും വിജയിച്ച ശരദ് പവാറിന്‍റെ എൻസിപിക്ക് 10.3 ശതമാനം വോട്ടാണു ലഭിച്ചത്. 15 മണ്ഡലങ്ങളിൽ മത്സരിച്ച ഷിൻഡെയുടെ ശിവസേന ഏഴിടത്തു ജയിച്ചപ്പോൾ 13 ശതമാനം വോട്ടാണു നേടിയത്. നാലിടത്തു സ്ഥാനാർഥികളെ നിർത്തിയ അജിത് പവാറിന്‍റെ എൻസിപിക്ക് കിട്ടിയത് ഒരു എംപിയെ മാത്രം. അവരുടെ വോട്ട് വിഹിതം 3.6 ശതമാനവും. ഈ കണക്കു വച്ച് വോട്ട് വിഹിതത്തിൽ മറ്റു കക്ഷികളെക്കാൾ വളരെ മുന്നിലാണു ബിജെപി.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഭരണ മുന്നണിയിലെ സീറ്റ് വിഭജനം അനുസരിച്ച് ബിജെപിക്ക് 148 മണ്ഡലങ്ങളിലാണു സ്ഥാനാർഥികളുള്ളത്. ശിവസേനയ്ക്ക് എൺപതും എന്‍സിപിക്ക് അമ്പത്തിമൂന്നും സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ബാക്കിയുള്ള ഏഴിൽ അഞ്ചിടത്തും ചെറുകക്ഷികളാണു മത്സരിക്കുന്നത്. മൂന്നിടത്ത് മുന്നണിയിലെ കക്ഷികൾ തമ്മിൽ സൗഹൃദ മത്സരമുണ്ട്. പ്രതിപക്ഷ മുന്നണിയുടെ സീറ്റ് വിഭജനം അനുസരിച്ച് കോൺഗ്രസിനുള്ളത് 101 സീറ്റാണ്. ഉദ്ധവ് താക്കറെയുടെ ശിവസേന 94 സീറ്റിലും ശരദ് പവാറിന്‍റെ എൻസിപി 88 സീറ്റിലും മത്സരിക്കുന്നു. രണ്ടിടത്ത് മുന്നണി കക്ഷികൾ തമ്മിൽ സൗഹൃദ മത്സരമാണ്. പരസ്പരം മത്സരിക്കുന്ന സീറ്റുകൾ പരമാവധി കുറച്ച് മുന്നണികളിൽ ഐക്യം ശക്തിപ്പെടുത്താൻ ഇരുപക്ഷവും ശ്രമിച്ചിട്ടുണ്ട്. എൻസിപികളുടെയും ശിവസേനകളുടെയും പ്രകടനം ഏതു നിലയ്ക്കാണ് എന്നത് കോൺഗ്രസിന്‍റെയും ബിജെപിയുടെയും സാധ്യതകളെ ബാധിക്കുന്നതാണ്.