എം.ബി. സന്തോഷ്
തിരുവനന്തപുരം: പാലക്കാട് നിയസഭാ ഉപതെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണപ്പോര്. ആദ്യഘട്ടത്തിൽ മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് ഇരു മുന്നണികളും പ്രഖ്യാപിച്ചിരുന്നെങ്കിലും ഇടതു സ്ഥാനാർഥിയായ ഡോ. പി. സരിന്‍റെ ആദ്യ റോഡ് ഷോയോടെ എൽഡിഎഫ് ഒപ്പത്തിനൊപ്പം എത്തുകയായിരുന്നു. 3 മുന്നണികളിലെയും ആഭ്യന്തര ഭിന്നതയുടെ പേരിൽ ചോരുന്ന വോട്ടായിരിക്കും പാലക്കാട്ട് വിധി നിർണയിക്കുക.
പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിനെ പ്രഖ്യാപിച്ച് മുന്നിലെത്തുകയായിരുന്നു യുഡിഎഫ് ലക്ഷ്യം. എന്നാൽ, അതിനെതിരേ വെടി പൊട്ടിച്ച സരിൻ കെപിസിസി ഭാരവാഹിത്വം ഉപേക്ഷിച്ച് എൽഡിഎഫ് സ്ഥാനാർഥിയായി.
യുഡിഎഫിന്‍റെ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള സ്ഥാനാർഥിക്ക് മറുപടിയായി "നാട്ടുകാരൻ' സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കിയതിനെതിരേ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രന്‍ വിഭാഗം ഉയർത്തിയ വെല്ലുവിളികൾക്കു പുറമെയാണ് എൻഡിഎയിലെ ഭിന്നത. ബിഡിജെഎസ് ജില്ലാ കമ്മിറ്റി അംഗം സതീഷിന്‍റെ നാമനിർദേശ പത്രിക പിൻവലിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
സിപിഎം പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ടതായി പരസ്യ നിലപാട് സ്വീകരിച്ചതിന് പിന്നാലെ യുഡിഎഫും ബിജെപിയും തങ്ങളുടെ പക്ഷത്തേക്കു ചേർക്കാൻ വലിയ ശ്രമങ്ങളാണ് നടത്തിയത്. എന്നാൽ, ജയിച്ചത് സിപിഎമ്മിന്‍റെ അനുനയ നീക്കങ്ങളാണ്. അതോടെ കോൺഗ്രസ് എതിർപ്പ് പ്രകടിപ്പിക്കുന്നവരെ "തള്ളി പുറത്താക്കുമ്പോൾ' സിപിഎം അനുനയിപ്പിച്ച് ചേർത്തുപിടിക്കുകയാണെന്ന പ്രചാരണം ശക്തമായി. സരിൻ മുതൽ എ.കെ. ഷാനിബ് മുതലുള്ള യുവ നേതാക്കളെ കോൺഗ്രസിന് പിടിച്ചുനിർത്താനാകുമായിരുന്നു എന്നാണ് വിമർശനം.
കെ. മുരളീധരൻ സ്ഥാനാർഥിയാകണമെന്ന പാലക്കാട് ഡിസിസിയുടെ കത്ത് പുറത്തുവന്നത് യുഡിഎഫിന് തിരിച്ചടിയായി. സ്ഥാനാർഥി അസ്വാരസ്യങ്ങളുൾപ്പെടെ എതിർപ്പുള്ളവരുടെ വോട്ട് എൽഡിഎഫും ബിജെപിയും പ്രതീക്ഷിക്കുന്നുണ്ട്. കോൺഗ്രസിന്‍റെ മുൻ നേതാവ് എന്ന ആനുകൂല്യം സരിനുള്ളതിനാൽ അതിന്‍റെ നേട്ടം ഉറപ്പാണെന്നാണ് സിപിഎം കണക്കുകൂട്ടൽ.
ശോഭ സുരേന്ദ്രനെ അപമാനിച്ചു എന്ന വികാരമാണ് അവരോട് താല്പര്യമുള്ളവർക്ക്. ഇത് പാലക്കാട്ടെ ബിജെപിയുടെ ജയപ്രതീക്ഷയെ ബാധിക്കാതിരിക്കാൻ ആർഎസ്എസ് ഇടപെട്ടിട്ടുണ്ട്. കൃഷ്ണകുമാറിനോട് എതിർപ്പുള്ളവരുടെ വോട്ട് എൽഡിഎഫും യുഡിഎഫും ഒരുപോലെ പ്രതീക്ഷിക്കുന്നു.
സിപിഎം പാലക്കാട്ട് നിശ്ചയിച്ചത് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോളെയാണ്. എന്നാൽ, എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതിന് 2 ദിവസം മുമ്പുവരെ സിപിഎമ്മിനെ അതിരൂക്ഷമായി സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശിച്ച സരിൻ സ്ഥാനാർഥിയാവുകയായിരുന്നു. ഇതിൽ എതിർപ്പുള്ള സിപിഎം അനുഭാവികളുടെയും പ്രവർത്തകരുടെയും വോട്ട് യുഡിഎഫും ബിജെപിയും ഉറപ്പിക്കുന്നു.
ഇങ്ങനെ ഓരോ മുന്നണിയിൽ നിന്നുമുള്ള ക്രോസ് വോട്ടിങ് ആയിരിക്കും പാലക്കാട്ടെ വിജയിയെ നിശ്ചയിക്കുക. ഇത് സംബന്ധിച്ച വിവരങ്ങൾ മുന്നണികളുടെ ഉറക്കം കെടുത്തുകയാണ്.