പാലക്കാട്: തെരഞ്ഞെടുപ്പിന് മുമ്പേ അട്ടിമറികൾ നടന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാർ ബുധനാഴ്ച വിധിയെഴുതും. വോട്ടെടുപ്പിന്‍റെ ആദ്യ 5 മണിക്കൂര്‍ പിന്നിടുമ്പോള്‍ വോട്ടിംഗ് ശതമാനം 33.75% ആണ്. 2021 ലെ കണക്കുകളെ അപേക്ഷിച്ച് 10 ശതമാനത്തിലധികം കുറവാണിത്.
ആദ്യ 2 മണിക്കൂറില്‍ മന്ദഗതിയിലായിരുന്നെങ്കില്‍ പല ബൂത്തുകളിലും ഇപ്പോള്‍ തിരക്കനുഭവപ്പെടുന്നുണ്ട്. രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് പോളിങ്. നവംബർ 23നാണ് വോട്ടെണ്ണൽ. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ എന്നീ പഞ്ചായത്തുകൾ ആണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നത്.
എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാർ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി. ഷാഫി പറമ്പിൽ എംപിയും വോട്ട് ചെയ്തു. എന്നാൽ എൽഡിഎഫ് സ്ഥാനാർഥി പി. സരിന് 88-ാം നമ്പർ ബൂത്തിൽ വിവി പാറ്റ് യന്ത്രത്തിൽ സാങ്കേതിക തകരാറുണ്ടായതോടെ വോട്ട് രേഖപ്പെടുത്താതെ മടങ്ങി. പിന്നീട് പ്രശ്നം പരിഹരിച്ചു. മിക്ക മണ്ഡലങ്ങളിലും വോട്ടിങ് സമാധാനപരമാണ്.