പാലക്കാട്: പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം തിങ്കളാഴ്ച അവസാനിക്കും. ഒരു മാസത്തോളം നീണ്ടുനിന്ന പ്രചാരണമാണ് വൈകീട്ട് ആറിന് നടക്കുന്ന കൊട്ടിക്കലാശത്തോടെ അവസാനിക്കുന്നത്. മൂന്ന് മുന്നണി സ്ഥാനാർഥികളുടെ റോഡ് ഷോയും തിങ്കളാഴ്ച നടക്കുന്നുണ്ട്. എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്താണ് സമാപിക്കുക.
യുഡിഎഫ് സ്ഥാനാ൪ഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ റോഡ് ഷോ ഉച്ചയ്ക്ക് രണ്ടിന് ഒലവക്കോട് നിന്ന് തുടങ്ങും. എൽഡിഎഫ് സ്ഥാനാർഥി ഡോ. പി.സരിന്‍റെ റോഡ്ഷോ വൈകീട്ട് നാലിന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിന്‍റെ റോഡ് ഷോ മേലാമുറി ജങ്ഷനിൽ നിന്നുമാണ് തുടങ്ങുക.
കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാലാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നവംബർ 20 ലേക്ക് മാറ്റിയത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ നിയോജക മണ്ഡലത്തിന്‍റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നവംബർ 20ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം പാലക്കാട്ടെ ഇരട്ട വോട്ടിൽ നടപടി ആവശ്യപ്പെട്ട് ഇടത് മുന്നണി തിങ്കളാഴ്ച കളലക്റ്ററേറ്റിലേക്ക് മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നുണ്ട്. രാവിലെ 10 മണിക്കാണ് മാർച്ച്. 2700 ഓളം ഇരട്ട വോട്ടുകൾ പാലക്കാട് ഉണ്ടെന്നും ഇവ നീക്കം ചെയ്യണമെന്നുമാണ് ആവശ്യം. ബിജെപി ജില്ലാ പ്രസിഡന്‍റ് ഹരിദാസൻ അടക്കമുള്ളവരുടെ വോട്ട് ചൂണ്ടിക്കാട്ടിയാണ് ബഹുജന പ്രക്ഷോഭം. കുറ്റക്കാർക്കെതിരെ നടപടിയും ഇടതുമുന്നണി ആവശ്യപ്പെടുന്നു. എന്നാൽ ഇടത് സ്വതന്ത്ര സ്ഥാനാർഥി സരിൻ വ്യാജരേഖ ഹാജരാക്കിയാണ് വോട്ട് ചേർത്തതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. 2017 ൽ പാലക്കാട് മണ്ഡലത്തിൽ വാങ്ങിയ സ്വന്തം വീടെന്ന് കാട്ടിയാണ് സരിൻ്റെ പ്രതിരോധം.