മുംബൈ: പല രാഷ്ട്രീയ നാടകങ്ങൾക്കും വേദിയായ മഹാരാഷ്ട്രയിൽ ഇപ്രാവശ്യം നിയമസഭ തെരഞ്ഞെടുപ്പിൽ ഇരു മുന്നണികൾക്കും വെല്ലുവിളിയായി വിമതർ. ഔദ്യോഗിക സ്ഥാനാർഥികളുടെ വിജയസാധ്യത തകിടം മറിക്കാൻ കഴിവുള്ളവരാണ് വിമതരായി നിൽക്കുന്നത് എന്നതാണ് പ്രസക്തം. അതുകൊണ്ട് തന്നെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ നവംബർ നാലിന് മുമ്പ് വിമതരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഭരണ പ്രതിപക്ഷ സഖ്യങ്ങൾ.
50 വിമത സ്ഥാനാർഥികളാണ് നിലവിൽ മത്സരിക്കാൻ പത്രിക നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിൽ 36 എണ്ണവും മഹായുതി സ്ഥാനാർഥികൾക്ക് എതിരായാണ്. അവശേഷിക്കുന്ന വിമതർ പ്രതിപക്ഷത്തിനും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. 16 വിമതരാണ് ബിജെപിയിൽ നിന്നുള്ളത്. സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് പലരും വിമതരായി മത്സരിക്കാൻ ഇറങ്ങിത്തിരിച്ചത്.
ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസനേയിൽ നിന്ന് 16 പേർ വിമതരായുണ്ട്. അജിത് കുമാറിന്‍റെ എൻസിപിയിൽ നിന്ന് ഒരാൾ മാത്രമേ വിമതനായി മത്സരിക്കുന്നുള്ളൂ. എം.വി.എ സഖ്യത്തിൽ ഏറ്റവും കൂടുതൽ വിമതരുള്ളത് കോൺഗ്രസിലാണ്; 10 പേർ. കുർല, സൗത്ത് സോലാപൂർ, പറാണ്ട, സംഗോള, പന്ധാർപൂർ എന്നീ മണ്ഡലങ്ങളിയാണ് വിമതർ എംവിഎക്ക് വെല്ലുവിളിയുയർത്തുന്നത്.