കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിക്കു പിന്നാലെ എറണാകുളം ജില്ലയിലെ മലയോര മേഖലയിലും രാത്രികാല യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ എൻഎസ്കെ ഉമേഷ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി 7 മണി മുതൽ ബുധനാഴ്ച രാവിലെ 6 മണി വരെയുള്ള യാത്രകള്‍ ഒഴിവാക്കാനാണ് നിര്‍ദേശം. മണ്ണിടിച്ചിൽ ഭീഷണി ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും കലക്ടർ പുറത്തുവിട്ട് അറിയിപ്പിൽ പറയുന്നു.
നേരത്തെ ഇടുക്കി ജില്ലയിലും രാത്രി യാത്ര നിരോധിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 7 മുതൽ ബുധനാഴ്ച രാവിലെ 6 മണി വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതേസമയം, അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ദേശീയ ദുരന്തനിവാരണ സേന ( എൻ ഡി ആർ എഫ് ) ഇടുക്കിയിലെത്തി. ടീം കമാണ്ടർ അർജുൻപാൽ രാജ് പുത്തിന്റെ നേതൃത്വത്തിലുള്ള ടീം കഴിഞ്ഞ കാലഘട്ടങ്ങളിൽ ദുരന്തങ്ങൾ ഉണ്ടായ പ്രദേശങ്ങളും ദുരന്തസാധ്യതാ പ്രദേശങ്ങളും സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്താനും വിവിധ വകുപ്പുമായി ബന്ധപ്പെട്ട് തുടർ പ്രവർത്തനങ്ങൾ നടത്തുവാനും സംഘം വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നതാണ്.