മയക്കുമരുന്ന് സംഘത്തിലെ 'പറവ'കൾ പിടിയിൽ

"നിശാന്തതയുടെ കാവല്‍ക്കാര്‍' എന്നറിയപ്പെട്ടിരുന്ന സംഘത്തിലെ ട്രാന്‍സ്ജെൻഡറും സുഹൃത്തും 15 ലക്ഷം രൂപയുടെ മയക്ക് മരുന്നുമായി അറസ്റ്റിൽ
ഇസ്തിയാഖ്, അഹാന.
ഇസ്തിയാഖ്, അഹാന.
Updated on

കൊച്ചി: എറണാകുളം ടൗണ്‍ കേന്ദ്രീകരിച്ച് അർധരാത്രിയോടു കൂടി മയക്ക് മരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തിലെ രണ്ട് പേര്‍ എക്സൈസിന്‍റെ പിടിയില്‍. മട്ടാഞ്ചേരി സ്വദേശി ഇസ്തിയാഖ് പി.എ. (26) ഇടപ്പള്ളി സ്വദേശി അഹാന (26) എന്നിവരാണ് കുടുങ്ങിയത്. ഉപയോക്താക്കള്‍ക്കിടയില്‍ "പറവ"എന്നാണ് ഇവര്‍ ഇരുവരും അറിയപ്പെട്ടിരുന്നത്.

എന്‍ഫോഴ്സ്മെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണറുടെ സ്പെഷ്യല്‍ ആക്ഷന്‍ ടീം, അങ്കമാലി ഇന്‍സ്പെക്റ്റര്‍, എറണാകുളം ഐബി, എറണാകുളം സ്പെഷ്യല്‍ സ്ക്വാഡ് പാര്‍ട്ടി എന്നിവരുടെ സംയുക്ത നീക്കത്തിലാണ് അറസ്റ്റ്. ഇവരുടെ പക്കല്‍ നിന്ന് വിപണിയില്‍ 15 ലക്ഷത്തോളം രൂപ മതിപ്പു വില വരുന്ന 194 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവര്‍ മയക്ക് മരുന്ന് വില്‍പ്പന നടത്തിയ 9000 രൂപ, മയക്ക് മരുന്ന് തൂക്കി നോക്കുന്ന ഡിജിറ്റല്‍ ത്രാസ്, ഒരു ഐ ഫോണ്‍, മൂന്ന് സ്മാര്‍ട്ട് ഫോണ്‍ എന്നിവയും എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു.

ട്രാന്‍സ്ജന്‍റേഴ്സിന്‍റെ ഇടയില്‍ മയ്ക്ക് മരുന്ന് ഇടപാട് വ്യാപകമായി നടക്കുന്നുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണറുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘം ഇവരുടെ ഇടയില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ വഴി "നിശാന്തതയുടെ കാവല്‍ക്കാര്‍" എന്ന പ്രത്യേക തരം ഗ്രൂപ്പ് ഉണ്ടാക്കി അര്‍ധരാത്രിയോട് കൂടി മയക്ക് മരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്.

പകല്‍ സമയം മുഴുവന്‍ മുറിയില്‍ തന്നെ ചിലവഴിക്കുന്ന ഇവര്‍ അർധരാത്രിയോട് കൂടി ഉപഭോക്താക്കളില്‍ നിന്ന് ഓണ്‍ലൈനായി പണം വാങ്ങിയ ശേഷം മയക്ക് മരുന്നുകള്‍ പ്രത്യേക തരം പാക്കറ്റുകളിലാക്കി ഓരോ ലൊക്കേഷനുകളില്‍ ഡ്രോപ്പ് ചെയ്തു പോകുകയും ആയതിന്‍റെ ഷാര്‍പ്പ് ലൊക്കേഷന്‍ മയക്ക് മരുന്നിന്‍റെ ഫോട്ടോ സഹിതം കസ്റ്റമര്‍ക്ക് അയച്ച് നല്‍കുകയുമായിരുന്നു ചെയ്തിരുത്.

സംഘത്തിലെ പ്രധാനികളായ രണ്ട് പേര്‍ കാക്കനാട് പടമുകളില്‍ സാറ്റ്ലൈറ്റ് ജംഗ്ഷന് സമീപത്തുള്ള അപ്പാര്‍ട്ട്മെന്‍റില്‍ ഉണ്ടെന്ന് മനസിലാക്കിയ അന്വേഷണ സംഘം ഇവരുടെ മുറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അക്രമാസക്തരായ ഇരുവരെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കീഴ്പ്പെടുത്താനായത്.

പ്രാഥമിക ചോദ്യം ചെയ്യലില്‍ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന മയക്ക് മരുന്ന് ശ്യംഖലയില്‍പ്പെട്ട "മസ്താന്‍" എന്ന് വിളിപ്പേരുള്ള ഒരാളില്‍ നിന്നാണ് മയക്ക് മരുന്ന് വാങ്ങിയതെന്ന് ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പിടിയിലായതിന് ശേഷവും മയക്ക് മരുന്ന് ആവശ്യപ്പെട്ട് കൊണ്ട് നിരവധി യുവതി യുവാക്കള്‍ ഇവരുടെ ഫോണിലേക്ക് വിളിച്ചിരുന്നു. ഇവര്‍ പിടിയിലായതോടെ കൊച്ചിയില്‍ തമ്പടിച്ചിരിക്കുന്ന മയക്ക് മരുന്ന് സംഘത്തെക്കുറിച്ചുള്ള പല നിർണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

അങ്കമാലി ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗ്ഗീസ്, സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ കെ.പി. പ്രമോദ്, ഐ.ബി. പ്രിവന്‍റീവ് ഓഫീസര്‍ എന്‍.ജി. അജിത്ത്കുമാര്‍, ജിനീഷ് കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ എന്‍.ഡി.ടോമി, സരിതാ റാണി, സ്പെഷ്യല്‍ സ്ക്വാഡ് സി.ഇ.ഒ മാരായ സി.കെ.വിമല്‍ കുമാര്‍, കെ.എ. മനോജ്, മേഘ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Trending

No stories found.

Latest News

No stories found.