തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ 14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25000 രൂപ പിഴയും വിധിച്ചു. വെള്ളനാട് പുനലാൽ വിമൽ നിവാസിൽ വിമൽ കുമാർ (41) നെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്നും, പിഴയടച്ചാൽ അത് കുട്ടിക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
2013 സെപ്റ്റംബർ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ് ഡ്രൈവറായ പ്രതി ഓട്ടം കഴിഞ്ഞ് വള്ളക്കടവ് കാരാളി ഭാഗത്ത് ബസിൽ ഇരിക്കുകയായിരു്നനു. ഈ സമയം ചവറ് കളയാൻ പുറത്തിറങ്ങിയ കുട്ടിയെ ബലെ പ്രയോഗിച്ച് ബസിൽ കയറ്റി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു.
ഓട്ടിസത്തിന് ചികിത്സയിൽ കഴിയുന്ന കുട്ടി ഭയന്ന് വീട്ടിൽ ആരോടും പറഞ്ഞിരുന്നില്ല. കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം ശ്രദ്ധിച്ച വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് വഞ്ചിയൂർ പൊലീസിൽ പരാതി നൽകി. കേസിന്‍റെ വിചാരണ സമയത്ത് ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.