ബലാത്സംഗ കേസ്: മുകേഷ് അറസ്റ്റിൽ

ആലുവ, വടക്കാഞ്ചേരി സ്വദേശിനികളാണ് മുകേഷിനെതിരേ ലൈംഗിക പീഡന പരാതി നൽകിയിട്ടുള്ളത്
Mukesh
മുകേഷ്
Updated on

കൊച്ചി: ആലുവ സ്വദേശിയായ യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ നടനും സിപിഎം എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. എന്നാൽ, കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ എംഎൽഎയെ വിട്ടയക്കുകയും ചെയ്തു.

മുകേഷ്, മണിയൻ പിള്ള രാജു, അഡ്വ. ചന്ദ്രശേഖരൻ എന്നിവർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. 2009ലാണ് സംഭവമെന്നും പരാതിയിൽ പറയുന്നു. ഇതു കൂടാതെ വടക്കാഞ്ചേരി സ്വദേശിയും മുകേഷിനെതിരേ സമാന പരാതി നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ 10.15 ഓടെയാണ് അഭിഭാഷകനൊപ്പം മുകേഷ് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായത്. വടക്കാഞ്ചേരി പൊലീസും മരട് പോലീസും രജിസ്റ്റർ ചെയ്ത പരാതികളിലാണ് ചോദ്യം ചെയ്തത്.

പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഭാഗമായ ജി. പൂങ്കുഴലി ഐപിഎസിന്‍റെ നേതൃത്വത്തിലാണ് മുകേഷിനെ ചോദ്യം ചെയ്തത്. മുകേഷിനെതിരെയുള്ള പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ, മുകേഷ് തനിക്ക് അനുകൂലമായ തെളിവുകൾ ഹാജരാക്കിയിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്.

സിനിമയിൽ അവസരവും അമ്മ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് മുകേഷ് പീഡിപ്പിച്ചുവെന്നാണ് ആലുവ സ്വദേശിനിയുടെ പരാതിയിൽ പറയുന്നത്. ഒറ്റപ്പാലത്തെ ഷൂട്ടിങ് സ്ഥലത്തേക്ക് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് വടക്കാഞ്ചേരി സ്വദേശിനിയുടെ പരാതി.

ബലാൽസംഗം, സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെ ബലപ്രയോഗം, അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, മോശം വാക്പ്രയോഗം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

എന്നാൽ, തന്നിൽ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ആളാണ് പരാതിക്കാരിയെന്ന് മുകേഷ് എറണാകുളം സെഷൻസ് കോടതിയിൽ വാദം ഉന്നയിച്ചു. ഈ ശ്രമത്തിന് വഴങ്ങാത്തതാണ് പരാതിക്കു കാരണമായതെന്നാണ് അവകാശപ്പെടുന്നത്. ഇതിന്‍റെ ഡിജിറ്റൽ തെളിവുകളടക്കമാണ് ഹാജരാക്കിയിരിക്കുന്നത്. തനിക്ക് ഇക്കഴിഞ്ഞ ജനുവരിയിൽ പരാതിക്കാരി ന്യൂ ഇയർ സന്ദേശം അയച്ചിരുന്നതിന്‍റെ തെളിവുകളും മുകേഷ് സമർപ്പിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.