കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് പരുശോധിക്കപ്പെട്ട സംഭവത്തില്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ അതിജീവിത. ഉപഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിയ സാഹചര്യത്തില്‍ പ്രധാന ഹര്‍ജിയായി തന്നെ നല്‍കാനാണ് ആലോചന. ഹൈക്കോടതി വിധിപ്പകര്‍പ്പ് ലഭിച്ചശേഷം, അഭിഭാഷകരുമായി കൂടിയാലോചിച്ച് തുടര്‍നടപടി തീരുമാനിക്കും.
കേസ് ഇവിടെ അവസാനിപ്പിക്കില്ല, മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനം. ഹൈക്കോടതിയെ സമീപിക്കണോ, സുപ്രീംകോടതിയെ സമീപിക്കണോ എന്നതിലും തീരുമാനമെടുക്കുമെന്ന് നടിയുടെ അഭിഭാഷകര്‍ വ്യക്തമാക്കി.
മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവത്തില്‍, ആക്രമണത്തിന് ഇരയായ നടി നല്‍കിയ ഉപഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ഹൈക്കോടതി ജസ്റ്റിസ് സി.എസ്. ഡയസ് വ്യക്തമാക്കിയത്. പരാതിക്കാരിക്ക് നിയമപരമായ മറ്റു മാര്‍ഗങ്ങള്‍ തേടാവുന്നതാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാന ഹര്‍ജിയായി തന്നെ നല്‍കാൻ ആലോചിക്കുന്നത്.
ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിട്ടുള്ളത്. ഇന്ത്യന്‍ നിയമപ്രകാരം കുറ്റകൃത്യം നടന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതാണ്. എന്നാല്‍, വസ്തുതാന്വേഷണം നടത്തിയ സെഷന്‍സ് ജഡ്ജി കുറ്റകൃത്യം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും അതിജീവിത ചൂണ്ടിക്കാട്ടുന്നു.
അതിക്രമവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് അതിജീവിതയുടെ സ്വകാര്യതയുടെ ലംഘനമാണ്. കേസ് നിലനില്‍ക്കില്ലെന്നോ, അന്വേഷണം നടത്തുന്നതിലോ കോടതി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും നടിയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.