നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം: പ്രതികളെ അസമിൽനിന്ന് പിടികൂടി

ഒരുമിച്ചു താമസിക്കുകയായിരുന്ന അസം സ്വദേശികളെയാണ് പെരുമ്പാവൂർ പൊലീസിന്‍റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്
അറസ്റ്റിലായ മുക്സിദുൽ ഇസ്ലാം, മുഷിദാ ഖാത്തൂൻ.
അറസ്റ്റിലായ മുക്സിദുൽ ഇസ്ലാം, മുഷിദാ ഖാത്തൂൻ.
Updated on

പെരുമ്പാവൂർ: പെരുമ്പാവൂർ മുടിക്കലിൽ പുഴയുടെ തീരത്ത് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് കൊലപാതകം. ഇതുമായി ബന്ധപ്പെട്ട്, ഒരുമിച്ച് താമസിക്കുന്ന അസം നൗഗാവ് പാട്ടിയചാപ്പരിയിൽ മുക്സിദുൽ ഇസ്ലാം (31), അസം മുരിയാഗൗവിൽ മുഷിദാ ഖാത്തൂൻ (31) എന്നിവരെ പെരുമ്പാവൂർ പോലീസ് അസമിൽ നിന്നു പിടികൂടി.

ഇവരുടെ പത്ത് ദിവസം പ്രായമായ പെൺകുഞ്ഞിനെ ഇവർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഒക്റ്റോ 8 ന് വൈകിട്ട് 6 മണിയോടെ മുടിയ്ക്കൽ ഇരുമ്പുപാലത്തിനടുത്ത് പുഴയോട് ചേർന്നാണ് കുഞ്ഞിന്‍റെ മൃതദേഹം കാണപ്പെട്ടത്. തുണിയിൽപ്പൊതിഞ്ഞ് ബിഗ് ഷോപ്പറിലാക്കിയായിരുന്നു മൃതദേഹം. പൊലീസ് അസ്വാഭിവിക മരണത്തിന് കേസെടുത്ത്, ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

അതിഥിത്തൊഴിലാളികൾ ജോലി ചെയ്യുന്ന ഇടങ്ങൾ, താമസിക്കുന്ന സ്ഥലങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തി. മേതലയിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിനിക്ക് അടുത്ത ദിവസങ്ങളിൽ കുഞ്ഞ് ജനിച്ചിരുന്നതായി വിവരം ലഭിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ അവരെ കാണാനില്ലെന്നും വ്യക്തമായി. ഇതെത്തുടർന്ന് പ്രത്യേക സംഘം അസമിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ജനിക്കാൻ പോകുന്ന കുഞ്ഞിന്‍റെ പരിപാലനത്തെച്ചൊല്ലി പ്രസവത്തിനു മുമ്പേ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തുണിയിൽപ്പൊതിഞ്ഞ് കവറിലാക്കി ഓട്ടോറിക്ഷയിൽ വന്നാണ് ഇവിടെ ഉപേക്ഷിച്ചത്. തുടർന്ന് അന്നു തന്നെ അസമിലേക്ക് കടന്നു. ആദ്യ വിവാഹം വേർപെടുത്തി കേരളത്തിൽ വന്ന് ഒരുമിച്ച് ജീവിക്കുയായിരുന്നു ഇവർ. പ്രസവ പരിചരണത്തിന് ആശുപത്രിയിൽ പോയിരുന്നുമില്ല. ഇൻസ്പെക്റ്റർ ആർ. രഞ്ജിത്ത്, എസ്ഐ ജോസി എം. ജോൺസൻ, എഎസ്ഐമാരായ എൻ.കെ. ബിജു, എൻ.ഡി. ആന്‍റോ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എ. അബ്ദുൾ മനാഫ്, ജിഞ്ചു കെ. മത്തായി, പി. നോബിൾ, ശാന്തി കൃഷ്ണൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Trending

No stories found.

Latest News

No stories found.