ലഖ്നൗ: ചാർജിലിട്ടിരുന്ന ഇ- റിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ച് അമ്മയും 2 കുട്ടികളും കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് ലഖ്നൗവിലിൽ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 5 മണിയോടെയാണ് അപകടം നടക്കുന്നത്.
ഓട്ടോയുടെ ബാറ്ററി ചാർജ് ചെയ്യവെയാണ് പെട്ടിത്തെറിച്ചത്. ഈ സമയം, ഓട്ടോറിക്ഷ ഡ്രൈവറുടെ ഭാര്യയും 3 മക്കളും സഹോദര പുത്രിയും വീടിനുള്ളിൽ ഉറങ്ങുകയായിരുന്നു. ഇവർക്കിടന്നിരുന്ന മുറിയിലാണ് ഇ- റിക്ഷയുടെ ബാറ്ററികൾ കുത്തിയിട്ടിരുന്നത്. ഇതിൽ ഒന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
ഈ സമയം, പ്രാഥമിക കൃത്യങ്ങൾക്കായി പുറത്ത് പോയിരുന്നതിനാൽ ഭർത്താവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടാകുന്നത്. തുടർന്ന ഭർത്താവും നാട്ടുക്കാരും പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. യുവതിക്കും 4 കുട്ടികൾക്കും ഗുരുതരമായി പൊള്ളലേറ്റു. ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ യുവതിയും മകനും ബന്ധുവായ കുട്ടിയും മരിക്കുകയായിരുന്നു. 8 വയസുകാരിയായ മകളും 7 മാസം പ്രായമായ മകനും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.