ഫോട്ടോ കണ്ടു, ഇഷ്ടപ്പെട്ടു, തട്ടിക്കൊണ്ടു പോയി!; ടിവി അവതാരകനെ തട്ടിക്കൊണ്ടു പോയ യുവതി അറസ്റ്റിൽ

തന്‍റെ ഓഫിസിലുള്ളവർക്ക് 50,000 രൂപ നൽകി അവരുടെ സഹായത്തോടെ കഴിഞ്ഞ ഫെബ്രുവരി 11ന് തൃഷ്ണ പ്രണവിനെ തട്ടിക്കൊണ്ടു പോയി.
അറസ്റ്റിലായ തൃഷ്ണ, ടിവി അവതാരകൻ  പ്രണവ് സിസ്ല
അറസ്റ്റിലായ തൃഷ്ണ, ടിവി അവതാരകൻ പ്രണവ് സിസ്ല
Updated on

ഹൈദരാബാദ്: വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചതിനെത്തുടർന്ന് ടിവി അവതാരകനെ തട്ടിക്കൊണ്ടു പോയ കേസിൽ യുവ ബിസിനസുകാരി അറസ്റ്റിൽ. ബിസിനസുകാരിയായ ബി.തൃഷ്ണയാണ് അറസ്റ്റിലായത്. ടിവി അവതാരകനും സോഫ്റ്റ് വെയർ എൻജിനീയറുമായ പ്രണവ് സിസ്ലയെയാണ് തൃഷ്ണ തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോകാനായി തൃഷ്ണയെ സഹായിച്ച നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹൈദരാബാദിലെ ഉപ്പലിലാണ് സംഭവം. മധാപുർ സ്വദേശിയായ തൃഷ്ണ ഡിജിറ്റൽ മാർക്കറ്റിങ്ങിലാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്.

രണ്ടു വർഷം മുൻപ് മാട്രിമോണിയൽ സൈറ്റിൽ ചൈതന്യ റെഡ്ഡി എന്ന പേരിലുള്ള അക്കൗണ്ട് ഉടമസ്ഥനുമായി തൃഷ്ണ ചാറ്റ് ചെയ്തിരുന്നു. ഈ അക്കൗണ്ടിൽ ചേർത്തിരുന്നത് പ്രണവിന്‍റെ ചിത്രമായിരുന്നു. ഇതറിയാതെ അക്കൗണ്ട് ഉടമസ്ഥനുമായി ചാറ്റ് ചെയ്തിരുന്ന തൃഷ്ണ ഇയാൾക്ക് വൻതുക കടവും നൽകി. വൈകാതെ ഇയാൾ തന്നെ അവഗണിച്ചു തുടങ്ങിയതോടെയാണ് പ്രണവിന്‍റെ നമ്പറിൽ തൃഷ്ണ നേരിട്ട് ബന്ധപ്പെട്ടത്. തന്‍റെ പേരിൽ മാട്രിമോണിയലിൽ വ്യാജ അക്കൗണ്ട് നിർമിച്ചതിനെതിരേ നേരത്തേ പൊലീസിൽ പരാതി കൊടുത്തിട്ടുണ്ടെന്ന് പ്രണവ് ഇവരെ അറിയിച്ചു. അതിനു ശേഷമാണ് തൃഷ്ണ പ്രണവിനെ നിരന്തരമായി സമൂഹമാധ്യമങ്ങളിലൂടെ പിന്തുടരാൻ തുടങ്ങിയത്. ചിത്രം കണ്ടിഷ്ടമായെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ട് നിരന്തരമായി സന്ദേശങ്ങൾ അയച്ചതോടെ തൃഷ്ണയുടെ നമ്പർ പ്രണവ് ബ്ലോക് ചെയ്തു. ഇതോടെ തന്‍റെ ഓഫിസിലുള്ളവർക്ക് 50,000 രൂപ നൽകി അവരുടെ സഹായത്തോടെ കഴിഞ്ഞ ഫെബ്രുവരി 11ന് തൃഷ്ണ പ്രണവിനെ തട്ടിക്കൊണ്ടു പോയി.

പ്രണവിന്‍റെ നീക്കങ്ങളറിയാനായി അയാളുടെ കാറിൽ തൃഷ്ണ ട്രാക്കർ ഘടിപ്പിച്ചിരുന്നു. ഇതു പ്രകാരം സ്വകാര്യ കോളെജിനു സമീപത്തു നിന്നും പ്രണവിനെ തട്ടിക്കൊണ്ടു പോയി. പിന്നീട് തൃഷ്ണയുടെ ഓഫിസിലെത്തിച്ചതിനു ശേഷം പ്രണവിനെ മർദിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് വിവാഹം കഴിക്കാമെന്നും ഫോൺ കോളുകൾ സ്വീകരിക്കാം എന്നും ഉറപ്പു നൽകിയതോടെയാണ് തൃഷ്ണ യുവാവിനെ മോചിതനാക്കിയത്. പുറത്തിറങ്ങിയ ഉടനെ പ്രണവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതു പ്രകാരം വ്യാഴാഴ്ച തന്നെ പൊലീസ് തൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Trending

No stories found.

Latest News

No stories found.