ആഗ്ര: നിരവധി കേസുകളിൽ പ്രതിയും അന്തർ സംസ്ഥാന കവർച്ചാസംഘാംഗവുമായ യുവാവിനെ ഏറ്റുമുട്ടലിനൊടുവിൽ വധിച്ച് യുപി പൊലീസ്. ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലടക്കം പ്രതിയായ റാഷിദിനെയാണ് വധിച്ചത്. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനും പരിക്കേറ്റു.
ശനിയാഴ്ച രാത്രി മുസാഫർനഗറിലെ ഷാഹ്പുർ ഗ്രാമത്തിലാണ് സംഭവം നടന്നത്. തലയ്ക്ക് 50000 രൂപ വിലയിട്ടിരുന്ന കുപപ്രസിദ്ധ ക്രിമിനൽ കൂടിയാണ് റാഷിദ്. പ്രതിയും കൂട്ടാളിയും ഷാഹ്പുർ ഗ്രാമത്തിലുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം അവിടെയെത്തിയത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രതികളെ വഴിയിൽ തടഞ്ഞെങ്കിലും അവർ പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസും തിരിച്ചടിച്ചു. ഇരുവരും തമ്മിലുണ്ടായ വെടിവെയ്പ്പിനൊടുവിൽ റാഷിദിന് ഗുരുതരമായി പരിക്കേറ്റു. പൊലീസ് സംഘം പ്രതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.