Dating app scam spreads in big cities
ഡേറ്റിങ് ആപ്പ് തട്ടിപ്പുകാർ വൻ നഗരങ്ങളിൽ വലവിരിക്കുന്നു

ഡേറ്റിങ് ആപ്പ് തട്ടിപ്പുകാർ വൻ നഗരങ്ങളിൽ വലവിരിക്കുന്നു

ടിൻഡർ കൂടാതെ ബംബിൾ, ഹിഞ്ച്, ഒക്കുപ്പൈഡ് തുടങ്ങിയ ആപ്പുകളും തട്ടിപ്പുകാർ ഇത്തരത്തിൽ വ്യാപകമായി ഉപയോഗിച്ചു വരുന്നു
Published on

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കാൻ ഡൽഹിയിൽ പോയ ഒരു യുവാവിന് കഫേയിലെ ഒറ്റ ദിവസത്തെ ഡേറ്റിങ്ങിനു ചെലവായത് 1.20 ലക്ഷം രൂപ. ടിൻഡർ പോലുള്ള ഡേറ്റിങ് ആപ്പുകളിലൂടെ തട്ടിപ്പിൽപ്പെടുന്ന അനവധി യുവാക്കളിൽ ഒരാൾ മാത്രമാണ് ഈ സിവിൽ സർവീസ് ഉദ്യോഗാർഥി. ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് വീട്ടുകാർ അറിയാതിരിക്കാൻ പലരും തട്ടിപ്പിൽപ്പെട്ടാലും റിപ്പോർട്ട് ചെയ്യാതെ രഹസ്യമാക്കി വയ്ക്കുന്നു.

എന്നാൽ, ഇപ്പോൾ പല സമൂഹ മാധ്യമങ്ങളിലെയും പോസ്റ്റുകളിൽ ഇത്തരം തട്ടിപ്പുകളുടെ നിരവധി വിവരങ്ങളാണ് പുറത്തുവരുന്നത്. ടിൻഡർ കൂടാതെ ബംബിൾ, ഹിഞ്ച്, ഒക്കുപ്പൈഡ് തുടങ്ങിയ ആപ്പുകളും തട്ടിപ്പുകാർ ഇത്തരത്തിൽ വ്യാപകമായി ഉപയോഗിച്ചു വരുന്നു. ഇവയിലൂടെ പരിചയപ്പെട്ടു കഴിഞ്ഞാൽ വാട്ട്സാപ്പ് നമ്പർ കൈമാറുന്നതാണ് അടുത്ത പടി. സംസാരിച്ച് ഓക്കെ ആയാലുടൻ ഡേറ്റിങ്ങിന് തീരുമാനമായി.

ഇത്തരം തട്ടിപ്പുകളുടെ പൊതു രീതി അനുസരിച്ച്, കാണാനുള്ള സ്ഥലം തീരുമാനിക്കുന്നത് സ്ത്രീകളായിരിക്കും. അവർ നിശ്ചയിക്കുന്ന കഫേയിൽ അവർ ഓർഡർ ചെയ്യുന്ന ഭക്ഷണം വരും. ആ ഭക്ഷണം ചിലപ്പോൾ മെനുവിൽ പോലും ഇല്ലാത്തതാവും എന്നതാണ് വിചിത്രം. മിക്കവാറും ബിൽ വരും മുൻപേ എന്തെങ്കിലും അത്യാവശ്യം പറഞ്ഞ് യുവതി മുങ്ങും. പ്രതീക്ഷിക്കുന്നതിന്‍റെ പല മടങ്ങായിരിക്കും ബില്ലിലെ തുക. ഇത് അടയ്ക്കാതെ ‌സ്ഥലം വിടാനും സാധിക്കില്ല. എതിർത്താൽ കഫേ ജീവനക്കാരും ബൗൺസർമാരും ഒക്കെ ഇടപെടും.

യഥാർഥത്തിൽ ഭക്ഷണം കഴിച്ചതിന്‍റെ ബിൽ മാത്രമല്ല ഇത്തരത്തിൽ വസൂലാക്കുന്നത്. കഫേകളും ഈ യുവതികളും ചേർന്നുള്ള തട്ടിപ്പാണിതെന്നു വേണം അനുമാനിക്കാൻ. വിവരം വീട്ടിലറിയും എന്നതിനാൽ പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ യുവാക്കൾ തയാറാവാതെ വരുന്നു. ഇതാണ് ഇത്തരം തട്ടിപ്പുകൾ ഇതേ മാതൃകയിൽ തന്നെ ആവർത്തിക്കാൻ കാരണം.

ഡൽഹിയിൽ സമാനമായൊരു സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ കഫേ ഉടമയും ഉൾപ്പെടുന്നു. അക്ഷയ് പഹ്‌വ എന്നാണിയാളുടെ പേര്. കൂട്ടു പ്രതി ഡേറ്റിനു വന്ന യുവതി തന്നെ, പേര് അഫ്സാൻ പർവീൺ. കഫേ ഓണർമാരും മാനെജർമാരും സ്ത്രീകളും എല്ലാം ഉൾപ്പെടുന്ന വലിയൊരു തട്ടിപ്പ് ശൃംഖലയാണിതെന്നാണ് പൊലീസിനു മനസിലാക്കാൻ സാധിച്ചത്.

ബിൽ തുകയിൽ 15 ശതമാനമാണ് യുവതിക്കു നൽകുന്നതെന്ന് പഹ്‌വ പറയുന്നു. 45 ശതമാനം മാനെജർമാർക്കിടയിൽ വീതിക്കും. ബാക്കി 40 ശതമാനം കഫേ ഉടമകൾക്കുള്ളതാണത്രെ.

ഡൽഹി കൂടാതെ മുംബൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽനിന്നും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുരുഷൻമാർ മാത്രമല്ല, സ്ത്രീകളും ഇത്തരം തട്ടിപ്പിന് ഇരയാകുന്നുണ്ടെന്ന് ഡൽഹിയിൽ നടന്ന മറ്റൊരു സംഭവത്തിൽ വ്യക്തമാകുന്നു. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ വീട് രണ്ട് യുവാക്കൾ ചേർന്ന് കൊള്ളയടിച്ച സംഭവമായിരുന്നു ഇത്. ഇതുമായി ബന്ധപ്പെട്ട് വിജയ് കുമാർ കമൽ (28), രാഹുൽ (35) എന്നിവർ അറസ്റ്റിലാകുകയും ചെയ്തിരുന്നു. മുപ്പത്തഞ്ച് വയസായ സ്ത്രീയായിരുന്നു പരാതിക്കാരി.