പണം ആവശ്യപ്പെട്ട് ഗായിക കെ.എസ്. ചിത്രയുടെ പേരിൽ തട്ടിപ്പ്

താൻ പിന്നണി ഗായികയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇൻവെസ്റ്റ്മെന്‍റ് കമ്പനിയുടെ അംബാസഡറുമാണെന്ന് വ്യാജ അക്കൗണ്ടിൽ നിന്നുമയച്ച മെസേജിൽ പറയുന്നു.
fake ks chithra account promises giveaway scam
പണം ആവശ്യപ്പെട്ട് ഗായിക കെ.എസ്. ചിത്രയുടെ പേരിൽ തട്ടിപ്പ്file
Updated on

ഗായിക കെ.എസ്.ചിത്രയുടെ പേരും ചിത്രവും ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് പലരോടായി പണം ആവശ്യപ്പെട്ട് മെസേജുകൾ. മെസേജ് ലഭിച്ചവരിൽ പലരും ‘ചിത്ര ചേച്ചി തന്നെയാണോ’ ഇതെന്നു ചോദിച്ചു. അതിന് അതെയെന്ന തരത്തിൽ മറുപടികൾ അയയ്ക്കുകയും കൂടുതൽ ചാറ്റുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. തട്ടിപ്പിന്‍റെ വിവരങ്ങൾ ചിത്രയുടെ അടുത്ത വൃത്തങ്ങളാണ് ഔദ്യോഗികമായി അറിയിച്ചത്.

താൻ പിന്നണി ഗായികയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇൻവെസ്റ്റ്മെന്‍റ് കമ്പനിയുടെ അംബാസഡറുമാണെന്ന് വ്യാജ അക്കൗണ്ടിൽ നിന്നുമയച്ച മെസേജിൽ പറയുന്നു. റിലയൻസിൽ 10000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കിപ്പുറം 50000 രൂപയാക്കി മടക്കി തരുമെന്നും താത്പര്യമെങ്കിൽ നിക്ഷേപം എങ്ങനെ തുടങ്ങണമെന്ന് തന്നോടു ചോദിച്ചാൽ മതിയെന്നുമുള്ള തരത്തിലാണ് ചിത്രയുടെ പേരിൽ വ്യാജ മെസേജുകൾ പോയിരിക്കുന്നത്.

കൂടാതെ ചിത്ര, ആരാധകർക്ക് ഐ ഫോൺ അടക്കമുള്ള സമ്മാനങ്ങൾ കരുതിവച്ചിട്ടുണ്ടെന്നു ടെലഗ്രാം വഴി മെസേജുകളും പോയിട്ടുണ്ട്. ഇതെല്ലാം വ്യാജമാണെന്നും ആരും ഈ തട്ടിപ്പിന് ഇരയാകരുതെന്നും കെ.എസ്.ചിത്ര അഭ്യർഥിച്ചു.

Trending

No stories found.

Latest News

No stories found.