എംഡിഎംഎയുടെ പേരിൽ വെർച്വൽ അറസ്റ്റും അശോകസ്തംഭമില്ലാത്ത ഐഡി കാർഡും; തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ട് നടി മാലാ പാർവതി

മുംബൈ പൊലീസിലെ ഉദ്യോഗസ്ഥരെന്ന് നടിച്ച് നിരവധി പേർ തന്നോട് സംസാരിച്ചുവെന്നും തന്‍റെ ആധാർ കാർഡുപയോഗിച്ച് 12 സംസ്ഥാനങ്ങളിൽ അക്കൗണ്ട് ഉണ്ടെന്ന് വിശ്വസിപ്പിച്ചതായും നടി പറയുന്നു.
fraud attempt against actress mala parvathy
എംഡിഎംഎയുടെ പേരിൽ ഒരു മണിക്കൂർ വെർച്വൽ അറസ്റ്റും അശോകസ്തംഭമില്ലാത്ത ഐഡി കാർഡും; തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ട് നടി മാലാ പാർവതി
Updated on

കൊച്ചി: പണം തട്ടിപ്പു സംഘത്തിൽ നിന്ന് രക്ഷപ്പെട്ട് നടി മാലാ പാർവതി. മുംബൈ പൊലീസാണെന്ന് അവകാശപ്പെട്ട് ഫോണിൽ വിളിച്ച സംഘം എംഡിഎംഎയുമായുള്ള പാക്കേജ് പിടിച്ചുവെന്ന് ആരോപിച്ച് നടിയെ ഒരു മണിക്കൂറോളം വെർച്വൽ അറസ്റ്റിലാക്കി. ഉദ്യോഗസ്ഥരെന്ന പേരിൽ അയച്ചു തന്ന തിരിച്ചറിയൽ കാർഡിൽ അശോകസ്തംഭം ഇല്ലെന്ന് കണ്ടതോടെയാണ് തട്ടിപ്പാണെന്ന് നടി മനസിലാക്കിയത്. ഇവരെ തിരിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും താരം വ്യക്തമാക്കി. മധുരയിൽ ഷൂട്ടിങ് നടക്കുന്നതിനിടെ രാവിലെയാണ് തട്ടിപ്പുകാർ ഫോണിൽ ബന്ധപ്പെട്ടത്. കൊറിയൽ തടഞ്ഞുവെച്ചുവെന്നാണ് ആദ്യം പറഞ്ഞത്. ഇത്തരത്തിൽ ഒരനുഭവം മുൻപ് ഉണ്ടായതു കൊണ്ട് വിശ്വസിച്ച് അവരുടെ കസ്റ്റമർ കെയറുമായി സംസാരിക്കാൻ തയാറായി. അപ്പോഴാണ് തന്‍റെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് തായ്‌വാനിലേക്ക് എംഡിഎംഎ കടത്തിയത് പിടിച്ചതായി അവകാശപ്പെട്ടത്.

പാഴ്സൽ അയച്ച നമ്പർ, അഡ്രസ് എന്നിവയും പങ്കു വച്ചു. പാക്കേജിൽ ക്രെഡിറ്റ് കാർഡ്, ലാപ് ടോപ്പ്, 200 ഗ്രാമോളം എംഡിഎംഎ എന്നിവ ഉണ്ടെന്ന് പറഞ്ഞതിനു പിന്നാലെ മുംബൈ പൊലീസ് എന്ന് അവകാശപ്പെട്ട സംഘത്തിന് ഫോൺ കോൾ കൈമാറി. മുംബൈ പൊലീസിലെ ഉദ്യോഗസ്ഥരെ പോലെ നടിച്ച് നിരവധി പേർ തന്നോട് സംസാരിച്ചുവെന്നും തന്‍റെ ആധാർ കാർഡുപയോഗിച്ച് 12 സംസ്ഥാനങ്ങളിൽ അക്കൗണ്ട് ഉണ്ടെന്നും പറഞ്ഞത് പൂർണമായും വിശ്വസിച്ചുവെന്നും മാലാ പാർവതി പറയുന്നു.

കൂടുതൽ വിശ്വസനീയതയ്ക്കായി പൊലീസിന്‍റെ തിരിച്ചറിയൽ കാർഡും അയച്ചു തന്നിരുന്നു. 72 മണിക്കൂറോളം വെർച്വൽ അറസ്റ്റിലാക്കുമെന്നായിരുന്നു അവർ പറഞ്ഞത്. പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് ഫോൺ വച്ചതിനു ശേഷം ഐഡി കാർഡ് പരിശോധിച്ചപ്പോഴാണ് അശോകസ്തംഭം ഇല്ലെന്നും തട്ടിപ്പാണെന്നും വ്യക്തമായത്. ഗൂഗിളിൽ തെരഞ്ഞതോടെ കൂടുതൽ വിവരങ്ങൾ ലഭിച്ചു. പിന്നീട് തന്‍റെ മാനേജർ തിരിച്ചു വിളിച്ചെങ്കിലും അവർ എടുത്തില്ലെന്നും മാലാ പാർവതി പറയുന്നു.

Trending

No stories found.

Latest News

No stories found.