ആലപ്പുഴ: ബാങ്കിൽ പണയം വയ്ക്കുന്ന സ്വർണത്തിന്‍റെ കണ്ണികളും മുത്തും മുറിച്ചെടുത്ത ജീവനക്കാരൻ അറസ്റ്റിൽ. മുളക്കുഴി സ്വദേശി മധുകുമാറാണ് പിടിയിലായത്. ചെങ്ങന്നൂർ മുളക്കുഴത്തെ ബാങ്കിലാണ് തിരിമറി നടന്നത്. പണയം വയ്ക്കുന്ന മാലയുടെ കണ്ണികൾ, സ്വർണമുത്തുകൾ എന്നിവയാണ് ഇയാൾ നിരന്തരമായി സ്വന്തമാക്കിയിരുന്നത്. സ്വർണം പണയം വച്ചവർ തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്. നിരവധി പേർ പരാതിയുമായി എത്തിയതോടെ പൊലീസ് ബാങ്ക് ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് മധുകുമാർ പിടിയിലായത്.
പണയം വയ്ക്കുന്ന സ്വർണത്തിൽ നിന്ന് മുത്തുകളും കണ്ണികളും അടർത്തി മാറ്റി അതിനു ശേഷമുള്ള തൂക്കമാണ് ഇയാൾ രജിസ്റ്ററുകളിൽ രേഖപ്പെടുത്തിയിരുന്നത്. ഇരുന്നൂറിലധികം പേരാണ് ഇയാളുടെ തട്ടിപ്പിനിരയായത്. അന്വേഷണം തുടരുകയാണ്.