അഹമ്മദാബാദ്: സ്കൂളിൽ 6 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റു ചെയ്തു. ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രിൻസിപ്പലിലേക്ക് എത്തിയത്.
ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിനെ എതിർത്തതോടെ കുട്ടിയെ പ്രിൻസിപ്പലായ 55 കാരൻ ഗോവിന്ദ് നാട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ സ്കൂൾ ഗ്രൗണ്ടിലും ബാഗും ഷൂസും ക്ലാസ് മുറിക്ക് സമീപവുമാണ് കണ്ടെത്തിയത്.
വ്യാഴാഴ്ചയാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നാലെ 10 അംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു.
അന്വേഷണം ഇങ്ങനെ..
കുട്ടിയുടെ മരണത്തിനു പിന്നാലെ വീട്ടുകാരെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരം ലഭിക്കുന്നത്. കുട്ടി എല്ലാ ദിവസവും ഗോവിന്ദ് നാട്ടിനൊപ്പമാണ് സ്കൂളിൽ പോയിരുന്നതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ഇതോടെ പൊലീസ് ഗോവിന്ദ് നാട്ടിലേക്ക് തിരിഞ്ഞു. താൻ അവളെ സ്കൂളിൽ ആക്കിയിരുന്നതായായിരുന്നു പ്രിൻസിപ്പൽ പറഞ്ഞത്.
എന്നാൽ കുട്ടി അന്നേ ദിവസം സ്കൂളിലെത്തിയിട്ടില്ലെന്ന് അധ്യാപകരും വിദ്യാർഥികളും സ്ഥിരീകരിച്ചു. ഇതോടെയാണ് പ്രിൻസിപ്പലിലേക്ക് സംശയം നീളുന്നത്. തുടർന്ന് പൊലീസ് ഇയാളുടെ ഫോൺ വിവരങ്ങൾ ശേഖരിച്ചു. അതിൽ പ്രിൻസിപ്പൽ അന്നേ ദിവസം വൈകിയാണ് സ്കൂളിലെത്തിയതെന്ന് മനസിലായി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ആദ്യം ഇയാൾ കുറ്റം നിഷേധിച്ചെങ്കിലും സാങ്കേതിക വിവരങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ പ്രിൻസിപ്പൽ കുറ്റം സമ്മതിക്കുകയായിരുന്നു.
കൊലപാതകം ...
രാവിലെ 10 മണിയോടെ കുട്ടിയെ അവളുടെ വീട്ടിൽ നിന്നും കാറിൽ കയറ്റി പ്രിൻസിപ്പൽ സ്കൂളിലേക്ക് പുറപ്പെട്ടു. വഴി മധ്യേ പെൺകുട്ടിയെ ലൈംഗികമായി ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചു. കുട്ടി നിലവിളിക്കാൻ തുടങ്ങിയതോടെ ഇയാൾ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സ്കൂളിലെത്തിയ പ്രിൻസിപ്പൽ കുട്ടിയുടെ മൃതദേഹം കാറിൽ തന്നെ സൂക്ഷിച്ച് കാർ ലോക്ക് ചെയ്ത് ജോലിയിൽ പ്രവേശിച്ചു.
വൈകിട്ട് 5 മണിയോടെ സ്കൂളിൽ നിന്നും മറ്റെല്ലാവരും പോയശേഷം കുട്ടിയുടെ മൃതദേഹം സ്കൂൾ കെട്ടിടത്തിൽ നിന്നും ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടിയുടെ ബാഗും ഷൂസും കുട്ടിയുടെ ക്ലാസായ ഒന്നാം ക്ലാസിന് സമീപവും കൊണ്ടുപോയി ഇട്ടു.