കണ്ണൂര്‍: പൊലീസുകാരെ ഉള്‍പ്പെടെ ഹണിട്രാപ്പിലാക്കിയിട്ടും കാസര്‍കോട് സ്വദേശിനി ഇപ്പോഴും സ്വതന്ത്രയായി തുടരുന്നു. യുവതിക്കെതിരേ സംസ്ഥാനമാകെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇനിയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ചെമ്മനാട് സ്വദേശിയായ ശ്രുതി ചന്ദ്രശേഖരനെതിരേ കൂടുതല്‍ തട്ടിപ്പ് പരാതിയുമായി യുവാക്കള്‍ രംഗത്തെത്തിയിട്ടും പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുളളവരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇന്‍കം ടാക്‌സ് ഓഫീസര്‍ ചമഞ്ഞാണ് ശ്രുതി പലരെയും തട്ടിപ്പിന് ഇരയാക്കിയത്. ഇതിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡും നിര്‍മിച്ചിരുന്നു. ചെമ്മനാട് കൊമ്പനടുക്കം സ്വദേശിയായ ശ്രുതി ചന്ദ്രശേഖരന്‍ ഹണിട്രാപ്പിന്‍റെ മറവിലാണ് വന്‍ തട്ടിപ്പുകള്‍ നടത്തിയത്. പുല്ലൂര്‍ സ്വദേശിയായ യുവാവിനെ മംഗലാപുരത്ത് പീഡനക്കേസ് നല്‍കി ജയിലില്‍ അടച്ചതോടെയാണ് യുവതിയുടെ തട്ടിപ്പ് പുറത്തുവന്നത്.
സൗഹൃദം സ്ഥാപിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കുന്നതാണ് ശ്രുതിയുടെ രീതി. ചിലര്‍ക്ക് വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്യും. മംഗലാപുരത്ത് ജയിലിലായ യുവാവില്‍ നിന്ന് ആറ് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പണം തിരികെ ചോദിച്ചപ്പോഴാണ് കേസില്‍ കുടുക്കിയതെന്നാണ് യുവാവ് പറയുന്നത്. 28 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു യുവാവിന്.
പൊയിനാച്ചി സ്വദേശിയായ യുവാവും സമാനമായ രീതിയില്‍ ശ്രുതിയുടെ തട്ടിപ്പിന് ഇരയായി. രണ്ട് കുട്ടികളുടെ അമ്മയാണ് ശ്രുതി. എന്നാല്‍, വിവാഹം കഴിച്ചതോ കുട്ടികള്‍ ഉള്ളതോ വെളിപ്പെടുത്താതെയാണ് ഓരോസ്ഥലത്ത് ആഡംബര ഹോട്ടലില്‍ തങ്ങി യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുന്നത്.
പാലക്കാട് സ്വദേശിയായ ഒരു പൊലീസുകാരനും ഇവര്‍ കാരണം ലക്ഷങ്ങള്‍ നഷ്ടമാവുകയും പീഡനകേസില്‍ ജയിലില്‍ കിടക്കേണ്ടതായും വന്നിരുന്നു.
ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. തട്ടിപ്പിന് കുട്ടികളെയും ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.
ശ്രുതിയുടെ തട്ടിപ്പ് വിവരങ്ങള്‍ അന്വേഷിച്ച ബന്ധുവിനെയും പൊലീസ് ഉദ്യോഗസ്ഥനെയും ഇവര്‍ പോക്‌സോ കേസില്‍ കുടുക്കിയിരുന്നു. ശ്രുതി ചന്ദ്രശേഖരന്‍റെ വലയില്‍ കുടുങ്ങിയ പൊലീസുകാരനെതിരെ ആദ്യം സ്ത്രീ പീഡനത്തിനാണ് യുവതി പരാതി നല്‍കിയത്. ജയിലിലായ ഇയാളെ ജോലിയില്‍ നിന്നും സസ്പെന്‍റ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി ശ്രുതി ചന്ദ്രശേഖരനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ തട്ടിപ്പ് പുറത്താവുമെന്ന് വ്യക്തമായ യുവതി ഈ ഉദ്യോഗസ്ഥനെതിരെ പോക്‌സോ കേസ് നല്‍കി. 2023 ല്‍ നല്‍കിയ കേസിപ്പോള്‍ മംഗളൂരുവില്‍ നടക്കുന്നുണ്ട്.
തട്ടിപ്പ് മനസിലാക്കി ചോദ്യം ചെയ്ത ഭര്‍ത്താവിന്‍റെ ബന്ധുവായ അറുപതുകാരനെയും ശ്രുതി ചന്ദ്രശേഖരന്‍ പോക്‌സോ കേസില്‍ കുടുക്കി. പിന്നീട് ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു. ശ്രുതി ചന്ദ്രശേഖരന്‍ കോട്ടയത്തും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ട്. തട്ടിപ്പ് പുറത്താവുമെന്ന് മനസിലാവുമ്പോഴാണ് ശ്രുതി ചന്ദ്രശേഖരന്‍ മക്കളെ ദുരുപയോഗം ചെയ്യുന്നത് എന്നാണ് വിവരം. കുട്ടികള്‍ക്ക് യുവതി വിദ്യാഭ്യാസം നിഷേധിക്കുന്നതായും ആരോപണമുണ്ട്. കാസര്‍ഗോഡ് നഗരത്തിലെ സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം രണ്ട് കുട്ടികള്‍ക്കും പ്രവേശനം നേടിയെങ്കിലും ആകെ മൂന്ന് ദിവസമാണ് ഇവര്‍ ക്ലാസിലെത്തിയത്.
ഐഎസ്ആർഒ ഉദ്യോഗസ്ഥയെന്നും ഐഎഎസ് ട്രെയിനി എന്നുമൊക്കെ പരിചയപ്പെടുത്തി ശ്രുതി യുവാക്കളെ ഹണിട്രാപ്പിൽപ്പെടുത്തിയിട്ടുണ്ട് എന്നാണ് സൂചന. ഇടത്തരക്കാരായ യുവാക്കളുമായി ചങ്ങാത്തം സ്ഥാപിച്ചശേഷം അവരെ വലയിൽ വീഴ്ത്തി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ഈ മുപ്പത്തിരണ്ടുകാരി യുവാക്കളുടെ ബലഹീനത മുതലാക്കിയാണ് പണം തട്ടിയെടുക്കുന്നതെന്നാണ് പ്രാഥമിക വിവരം.
യുവാക്കളുമായി നടക്കുന്ന സംഭാഷണങ്ങളുടെയും വാട്സ്ആപ്പ് ചാറ്റുകളുടെയും വിവരങ്ങൾ ഫോണിൽ സൂക്ഷിക്കുന്ന യുവതി ഇവ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പടുത്തിയാണ് പണം തട്ടുന്നത്. അമ്പലത്തറ സ്വദേശിയായ ജിം പരിശീലകന്‍റെ നാല് ലക്ഷം രൂപ തട്ടിയെടുത്തതും ഭീഷണിപ്പെടുത്തിയാണ്.
വാട്സ്ആപ്പ് പ്രൊഫൈൽ ചിത്രം സ്ക്രീൻഷോട്ടെടുത്ത് സൂക്ഷിച്ച ശ്രുതി തനിക്ക് ഈ പൊലീസ് ഉദ്യോഗസ്ഥനുമായി അടുത്ത പരിചയമുണ്ടെന്ന് പറഞ്ഞാണ് ഇരകളെ പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.