പാലക്കാട്: അട്ടപ്പാടി ചുരം ഒൻപതാം വളവിൽ കണ്ടെത്തിയ 2 ട്രോളി ബാഗുകളും തുറന്ന് പരിശോധിക്കുന്നു. മൃതദേഹങ്ങൾ പുറത്തെടുത്തുള്ള ഇൻക്വസ്റ്റ് നടപടികളാണ് പുരോഗമിക്കുന്നത്. മൃതദേഹങ്ങൾ രണ്ടായി മുറിച്ച് 2 ബാഗുകളിലാക്കുകയായിരുന്നു. ഒരു ബാഗിൽ അരയ്ക്ക് മുകളിലേക്കുള്ള ഭാഗങ്ങളും രണ്ടാമത്തെ ബാഗിൽ അരയ്ക്ക് കീഴ്‌പ്പോട്ടുള്ള ഭാഗങ്ങളുമാണ് കണ്ടെത്തിയത്.
തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമ സിദ്ധിഖിനെയാണ് (58) കൊലപ്പെടുത്തി മൃതദേഹഭാഗങ്ങൾ ഉപേക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സിദ്ധിഖിന്‍റെ ഹോട്ടൽ ജീവനക്കാരായ ഷിബിലി (22) ഇയാളുടെ പെൺസുഹൃത്ത് ഫർഹാന (18) എന്നിവരെയും ഫർഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിക്കിനെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അട്ടപ്പാടി ചുരത്തിലെ പത്താം വളവിന് സമീപമാണ് ട്രോളി ബാഗ് കണ്ടെത്തിയത്. മൃതദേഹത്തിന് 7 ദിവസത്തെ പഴക്കമുണ്ട് . 18, 19 തീയതികളിലായാണ് കൊലപാതകം നടന്നിരിക്കുന്നതെന്നാണ് നിഗമനം.
2021 ജനുവരിയിൽ പാലക്കാട് ചെർപ്പുളശേരി പൊലീസ് സ്റ്റേഷനിലാണ് ഫർഹാന ഷിബിലിയെ പ്രതിയാക്കി പോക്സോ കേസ് ഫയൽ ചെയ്തത്. അതിനു ശേഷം ഇവർ തമ്മിൽ എന്ത് തരത്തിലുള്ള ബന്ധമാണ് ഉള്ളത് എന്ന കാര്യത്തിലടക്കം വ്യക്തത വരേണ്ടതുണ്ട്. ഷിബിലിനെ ഹോട്ടലിൽ നിന്നും പണം മോഷ്ടിച്ചതിന്‍റെ പേരിലാണ് ജോലിയിൽ നിന്നും പറഞ്ഞു വിടുന്നത്. ഷിബിലിനെ പറഞ്ഞു വിട്ട അന്നു തന്നെയാണ് സിദ്ധിഖിനെ കാണാതാവുന്നതെന്നും സിദ്ധിഖിന്‍റെ സഹോദരങ്ങൾ വ്യക്തമാക്കി.
സംഭവത്തിൽ ദുരൂഹത അവശേഷിക്കുകയാണ്. എന്തിനാണ് സിദ്ധിഖിനെ കൊന്നത്, സിദ്ധിഖ് ഹോട്ടലിൽ 2 മുറിയെടുത്തത് എന്തിന്, ആരെങ്കിലും വിളിച്ചിട്ടാണോ സിദ്ധിഖ് ഹോട്ടലിലെത്തിയത്, ഒപ്പം ആരോക്കെ ഉണ്ടായിരുന്നു, ഒരാഴ്ച്ചത്തെ പരിചയത്തിൽ ഇത്ര ക്രൂരമായിട്ട് കൊല ചെയ്യാനുള്ള കാരണം എന്താണ്, മൂന്നു പേർക്ക് പുറമേ കൊലയ്ക്ക് പിന്നിൽ ആരെങ്കിലുമുണ്ടോ, ഫർഹാനയ്ക്ക് ഷിബിലുമായുള്ള ബന്ധം, സിദ്ധിഖുമായി യാതൊരു പരിചയവുമില്ലാത്ത ഫർഹാനയുടെയും സുഹൃത്തിന്‍റേയും സാന്നിധ്യം എങ്ങനെ കൊലപാതകത്തിന് വന്നു തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കണം. തമിഴ്നാട്ടിൽ അറസ്റ്റിലായ പ്രതികളെ വൈകിട്ടോടെ കേരളത്തിലെത്തിക്കും.