രണ്ടു യുവതികൾ നൽകിയ ബലാത്സംഗ പരാതികളിൽ പ്രതിയായ നടൻ സിദ്ദിഖിന്‍റെ ലൈംഗിക ശേഷി പരിശോധിക്കേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യേപേക്ഷ കേരള ഹൈക്കോടതി പരിഗണിക്കവേയാണ് പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പ്രോസിക്യൂഷൻ ഈ വാദവും ഉന്നയിച്ചത്.
ബലാത്സംഗ കേസുകളിൽ നിർണായക തെളിവുകളിലൊന്നാണ് ഈ ലൈംഗിക ശേഷി പരിശോധന, അഥവാ പൊട്ടൻസി ടെസ്റ്റ്. നേരത്തെ, കർണാടകയിൽ പ്രജ്വൽ രേവണ പ്രതിയായ കേസിലും ഈ വാദം ഉയർന്നു വന്നിരുന്നു. എങ്ങനെയാണ് ഈ പരിശോധന നടത്തുന്നതെന്നു നോക്കാം.
ലൈംഗിക ശേഷി പരിശോധിക്കാൻ രണ്ടു പരിശോധനകളാണ് ഇന്ത്യയിലെ നിയമ സംവിധാനം ആധികാരികമായി കണക്കിലെടുക്കുന്നത്. ഇതിൽ ഒന്ന് സെമൻ അനാലിസിസാണ്. രണ്ടാമത്തേത് പെനൈൽ ഡോപ്ളർ അൾട്രാ സൗണ്ട് ടെസ്റ്റ്.
ശുക്ല പരിശോധനയാണ് സെമൻ അനാലിസിസ്. പ്രതിയായ പുരുഷന്‍റെ ശുക്ലത്തിന്‍റെയും അതിൽ അടങ്ങിയിരിക്കുന്ന ബീജത്തിന്‍റെയും നിലവാരമാണ് ഇതിൽ പരിശോധിക്കപ്പെടുക. പ്രത്യുത്പാദന ശേഷിയെക്കുറിച്ച് വ്യക്തമായ വിവരം ഇതിൽ നിന്നു കിട്ടും.
പെനൈൽ ഡോപ്ലർ അൾട്രാ സൗണ്ട് ടെസ്റ്റ് ചില കേസുകളിൽ കുറച്ചു കൂടി നിർണായകമാണ്. കാരണം, പ്രത്യുത്പാദന ശേഷി ഇല്ലാത്ത പുരുഷൻമാർക്കും ബലാത്സംഗം ചെയ്യാൻ സാധിക്കും എന്നു തെളിയിക്കപ്പെടുന്നത്, ലിംഗോദ്ധാരണ ശേഷിയുണ്ടോ എന്നു പരിശോധിച്ചാണ്.
ലിംഗത്തിലേക്ക് രക്തയോട്ടം ശരിയായ അളവിൽ സംഭവിക്കുമ്പോഴാണ് ഉദ്ധാരണമുണ്ടാകുക. അങ്ങനെയുണ്ടാകുന്നു എങ്കിൽ മാത്രമേ ലൈംഗികാവയവം ഉപയോഗിച്ചുള്ള ബലാത്സംഗം നടന്നതായി കണക്കാൻ സാധിക്കൂ. ഈ രക്തയോട്ടം ഉണ്ടാകുന്നതിന്‍റെ തോത് അറിയാൻ അൾട്രാ സൗണ്ട് പരിശോധനയിലൂടെ സാധിക്കും.
അതേസമയം, ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം, ലൈംഗികാവയവം ഉപയോഗിച്ചുള്ള പീഡനം മാത്രമല്ല, മറ്റേത് ഭാഗം കൊണ്ടാണെങ്കിലും സ്ത്രീയുടെ സമ്മതമില്ലെങ്കില്‍ അത് ബലാത്സംഗത്തിന്‍റെ പരിധിയില്‍ വരുകയും ചെയ്യും.