പ്രത്യേക ലേഖകൻ
കൊച്ചി: കേന്ദ്രസർക്കാരിന്‍റെ വിവിധ വകുപ്പുകളിൽ ജോലി ശരിയാക്കി കൊടുക്കാമെന്നു വിശ്വസിപ്പിച്ചു പണം തട്ടിയെടുക്കുന്ന സംഘം സംസ്ഥാനത്തു വ്യാപകം. രണ്ടാം മോദി സർക്കാരിന്‍റെ കാലാവധി അവസാനിക്കാൻ ഒരുവർഷം മാത്രം ബാക്കി നിൽക്കെയാണ് ഈ സംഘം സജീവമായത്. റെയിൽവേ, പിഎഫ്, കമ്പനി കാര്യം, തുറമുഖം, കേന്ദ്രസർക്കാരിന്‍റെ കീഴിലുള്ള വിവിധ കോർപ്പറേഷനുകൾ, വിവിധ രാജ്യങ്ങളിലേക്കുള്ള ട്രേഡ് കമ്മീഷണർ തസ്തികകൾ എന്നിങ്ങനെ വിവിധ പോസ്റ്റുകളിലേക്കാണ് നിയമനം വാഗ്ദാനം ചെയ്യുന്നത്.
സംസ്ഥാനത്തെ പബ്ലിക് സർവീസ് കമ്മീഷൻ നോക്കുകുത്തിയായ ശേഷം റാങ്ക് ലിസ്റ്റിൽ പേരുണ്ടായിട്ടും നിയമനം ലഭിക്കാത്തവരെയാണ് ഇക്കൂട്ടർ പ്രധാനമായും ലക്ഷ്യമിടുന്നത്. ബിജെപി സർക്കാരിന്‍റെ ഘടകകക്ഷി യായി കടന്നു കൂടിയ പാർട്ടികളിലെ പ്രവർത്തകരാണ് ഇതിനു നേതൃത്വം നൽകുന്നതെന്നും സംശയമുണ്ട്.
ചില വനിതാനേതാക്കളും ഇതിൽ സജീവമാണെന്നാണ് സൂചന. ബിജെപിയിലെ ചില മുതിർന്ന നേതാക്കളുമായുള്ള ബന്ധങ്ങളും ഇവർ തട്ടിപ്പിന് ഉപയോഗിക്കുന്നു എന്നാണ് കരുതുന്നത്. അടുത്തിടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടയാളുമായുള്ള അടുപ്പവും ഇവർ ഉദ്യോഗാർഥികളെ വിശ്വസിപ്പിക്കാനായി ചൂണ്ടിക്കാട്ടുന്നുണ്ട്.
റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് ഉദ്യോഗാർഥികളിൽ നിന്നും നാലു കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ വിവിധ ജില്ലകളിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 140 പരാതികളാണ്. കണ്ണൂർ ജില്ലയിൽ മാത്രം 14 പരാതികളുണ്ട്. 10 ലക്ഷം രൂപ മുതൽ തുക വാങ്ങിയതായാണ് ലഭിക്കുന്ന പരാതി. എന്നാൽ, 35 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഒരു ഉദ്യോഗാർഥി പയ്യന്നൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ നാലുപേർ ഇത്തരത്തിൽ തട്ടിപ്പിനിരയായിട്ടുണ്ട്. എന്നാൽ, ഇവർ ഇതുവരെ പരാതി നൽകിയിട്ടില്ല.
കൊമേഴ്ഷ്യൽ ക്ലാർക്ക് ആയി ജോലി ശരിയാക്കി തരാമെന്നു പറഞ്ഞ് റെയിൽവേയുടെ വ്യാജരേഖ ചമച്ച് രണ്ടുപേരിൽനിന്ന് 36.5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് തലശ്ശേരി പോലീസിൽ ലഭിച്ച പരാതി. ജൂനിയർ എൻജിനീയർ 12 ലക്ഷം, ടിക്കറ്റ് എക്‌സാമിനർ ഒൻപത് ലക്ഷം, ക്ലർക്ക് ആറുലക്ഷം, പ്യൂൺ മൂന്നുലക്ഷം, റെയിൽവേ ഡോക്ടർ 20 ലക്ഷം, നഴ്സ് 10 ലക്ഷം എന്നിങ്ങനെയാണ് തുക.