കോതമംഗലം: പല്ലാരിമംഗലം മാവൂടിയിലെ ആസിഡ് ആക്രമണ കേസിൽ പ്രതികൾക്ക് തടവും പിഴയും വിധിച്ച് കോടതി. പല്ലാരിമംഗലം മാവുടി കൂട്ടപ്ലായ്ക്കൽ രാഘവന്റെ മകൻ ഗിരീഷിന്റെ മുഖത്തായിരുന്നു ആസിഡ് ഒഴിച്ചത്. ആസിഡ് ആക്രമണത്തിൽ ഗിരീഷിന്റെ കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടിരുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട പല്ലാരിമംഗലം മുണ്ടൻകോട്ടിൽ കുഞ്ഞുമോന്റെ മകൻ ഷൈജു, പല്ലാരിമംഗലം തോട്ടുചാലിൽ നൂറ് എന്നു വിളിക്കുന്ന ഇബ്രാഹിം എന്നിവർ കേസിൽ കുറ്റക്കാരെന്ന് മൂവാറ്റുപുഴ അഡി.ഡിസ്ട്രിക്റ്റ് സെഷൻസ് ജഡ്ജി ടോമി വർഗ്ഗീസ് ഉത്തരവായി.
രണ്ടായിരത്തി പതിമൂന്ന് നവംബർ പതിനാലാം തീയതി രാത്രി ആയിരുന്നു ആക്രമണം നടത്തിയത്. ആസിഡ് മുഖത്തൊഴിച്ച് ഗിരീഷിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ഒന്നാം പ്രതി ഷൈജുവും രണ്ടാം പ്രതി ഇബ്രാഹിമും ആക്രമിച്ചത് എന്നും കൂടാതെ നരഹത്യ നടത്തണമെന്ന ഉദ്ദേശത്തോടെ ഒന്നാം പ്രതി ഷൈജുവിന്റെ തലക്ക് കമ്പിവടിക്ക് അടിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
കേസിലെ പ്രധാന സാക്ഷികൾ വിസ്താര വേളയിൽ പ്രതികൾക്ക് അനൂകൂലമായി കൂറ് മാറിയിരുന്നു. പോത്താനിക്കാട് സബ് ഇൻസ്പെക്ടർ കെ.ഇ.സത്യവാനാണ് പ്രതികൾക്കെതിരെ കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്. പ്രോസിക്യംഷനു വേണ്ടി അഡി.പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്.ജ്യോതികുമാർ, അഭിലാഷ് മധു എന്നിവർ ഹാജരായി. ഒന്നാം പ്രതിക്ക് പത്തുവർഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും രണ്ടാം പ്രതിക്ക് പത്തുവർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു. നരഹത്യ ശ്രമത്തിന് ഒന്നാം പ്രതിക്ക് രണ്ട് വർഷം കഠിന തടവും 50,000 രൂപ പിഴയും രണ്ടാം പ്രതിക്ക് ഒരു വർഷം കഠിന തടവും 25000 രൂപ പിഴയും വിധിച്ചു. പിഴ തുക ഈ കേസിൽ കാഴ്ച നഷ്ട്ടപ്പെട്ട കെ.ആർ.ഗിരി ഷിന് നൽകാനും ഉത്തരവായി.
പ്രതികൾ തടവു ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. കേസിൽ കാഴ്ച നഷ്ടപ്പെട്ട കെ.ആർ.ഗിരീഷിന് മതിയായ നഷ്ട പരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി യോട് കോടതി ഉത്തരവായി.കേസിൽ 23 രേഖകളും 3 മുതലുകളും ഹാജരാക്കി. 23 സാക്ഷികളെ വിസ്തരിച്ചു. പോത്താനിക്കാട് സബ് ഇൻസ്പെക്ടർ കെ.ഇ.സത്യവാനാണ് പ്രതികൾക്കെതിരെ കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്. പ്രോസിക്യുഷനു വേണ്ടി അഡി. പബ്ലിക് പ്രോസിക്യംട്ടർ കെ.എസ്.ജ്യോതികുമാർ ഹാജരായി.