കോതമംഗലം: കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും ചേർന്ന് കോതമംഗലം ടൗൺ ഭാഗത്ത്, മദ്യ വിൽപ്പന നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തു.കോതമംഗലം കരിങ്ങഴ കരയിൽ മോളത്തുകൂടി വീട്ടിൽ ഗോപാലകൃഷ്ണന്‍റെ മകൻ അനീഷ് (40) ആണ് അറസ്റ്റിലായത് . ഡ്രൈ ഡേ ദിനത്തോടും, കോതമംഗലം ചെറിയ പള്ളി കന്നി-20 പെരുന്നാളിനോടനു ബന്ധിച്ചും എക്സൈസ് പാർട്ടി കോതമംഗലം ടൗണിന്‍റെ വിവിധ ഭാഗങ്ങളിൽ രഹസ്യന്വേഷണവും പട്രോളിംഗും നടത്തുന്നതിനിടയിലാണ് മദ്യ വിൽപ്പന നടത്തുകയായിരുന്ന അനീഷ് പിടികൂടിയത്.
ആലുവ- മൂന്നാർ റോഡിൽ കോതമംഗലം ധർമ്മഗിരി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന എച്ച്പി പെട്രോൾ പമ്പിന് പിറകിലുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ മാരുതി സ്വിഫ്റ്റ് കാറിൽ മദ്യം സൂക്ഷിച്ചു വച്ച് വില്പന നടത്തുകയായിരുന്നു ഇയാൾ. വിൽപ്പനയ്ക്കായി സൂക്ഷിച്ച 20.750 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും, മദ്യം സൂക്ഷിച്ച കെ എൽ - 64- ബി - 4511 മാരുതി സിഫ്റ്റ് കാറും, മദ്യം വിറ്റ വകയിൽ ലഭിച്ച 30190/- രൂപയും തൊണ്ടി മുതലുകളായി കണ്ടെടുത്തു.ഡ്രൈ ഡേ ദിനമായതിനാലും കന്നി 20 പെരുന്നാളിനോടും അനുബന്ധിച്ച് മദ്യം സൂക്ഷിച്ചു വച്ച്, കൂടിയ വിലയ്ക്ക് ആവിശ്യക്കാർക്ക് വിൽപ്പന നടത്തി വരികയായിരുന്നെന്നും, വിൽപ്പനയ്ക്കായി കരുതിയ അവശേഷിച്ച മദ്യമാണ് പിടികൂടിയതെന്നും അനീഷ് ചോദ്യം ചെയ്യലിൽ പറഞ്ഞതായി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു .
കേസിന്‍റെ തുടർ നടപടികൾക്കായി പ്രതിയെയും കേസ് രേഖകളും തൊണ്ടി മുതലുകളും കോതമംഗലം എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറിയിട്ടുള്ളതും പ്രതിയെ കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതാണെന്നും എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റ്റീവ് ഓഫീസർ ജിമ്മി .വി .എൽ പ്രിവന്റിവ് ഓഫീസർ ഗ്രേഡ് മാരായ ഷമീർ . വി.എ, ഷിജീവ് കെ ജി, സുമേഷ് കുമാർ കെ .എം എക്സൈസ് ഡ്രൈവർ ബിജു പോൾ എന്നിവർ ഉണ്ടായിരുന്നു.