മ്യാൻമറിൽ സൈബർ തട്ടിപ്പ് സംഘത്തിന്‍റെ കെണിയിൽ മലയാളികൾ

എളമക്കര, ചങ്ങനാശ്ശേരി സ്വദേശികളായ യുവാക്കളാണ് മ്യാൻമാർ കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന സംഘത്തിന്‍റെ കെണിയിൽ അകപ്പെട്ടിരിക്കുന്നത്
മ്യാൻമറിൽ സൈബർ തട്ടിപ്പ് സംഘത്തിന്‍റെ കെണിയിൽ മലയാളികൾ | Malayali youths in trap of Myanmar cyber recruitment fraudsters
മ്യാൻമറിൽ സൈബർ തട്ടിപ്പ് സംഘത്തിന്‍റെ കെണിയിൽ മലയാളികൾ
Updated on

കൊച്ചി: വിദേശത്ത് ജോലിക്കായി പോയ മലയാളികളായ യുവാക്കൾ മ്യാൻമറിൽ ആയുധധാരികളായ സൈബർ തട്ടിപ്പ് സംഘത്തിന്‍റെ വലയിൽ. എളമക്കര, ചങ്ങനാശ്ശേരി സ്വദേശികളായ യുവാക്കളാണ് മ്യാൻമാർ കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന സംഘത്തിന്‍റെ കെണിയിൽ അകപ്പെട്ടിരിക്കുന്നത്.

ദുബായിൽ പ്രവർത്തിക്കുന്ന ഡേ ടുഡേ എന്ന കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്‌ത്‌ ഇടനിലക്കാരിയായ എറണാകുളം വടുതല സ്വദേശിനി വഴിയാണ് ഇവർ മ്യാൻമറിൽ എത്തിപ്പെട്ടതെന്ന് എളമക്കര സ്വദേശിയായ യുവാവിന്‍റെ മാതാപിതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. യുവതി ഇവരിൽ നിന്നും 40,000 രൂപ വീതം കൈപ്പറ്റുകയും ചെയ്തിരുന്നു.

പിന്നീട് ദുബായിലെ കമ്പനിയിൽ ഒഴിവില്ലെന്നും പകരം അതെ കമ്പനിയുടെ തായ്‌ലൻഡിലെ ബാങ്കോക്കിലുള്ള ബ്രാഞ്ചിൽ ജോലി ശരിയാക്കിയെന്നും വിശ്വസിപ്പിച്ച് ആദ്യം ബാങ്കോക്കിലേക്കും ഇവിടെ നിന്ന് വാഹനത്തിലും വള്ളത്തിലുമായി മ്യാൻമറിലേക്കും കടത്തുകയായിരുന്നു. ഇവിടെ പട്ടാള വേഷധാരികളായ മലയാളികൾ ഉൾപ്പെടുന്ന ഓൺലൈൻ തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തി ഭക്ഷണം പോലും നൽകാതെ ഇരുവരെയും പീഡിപ്പിച്ച് ജോലി ചെയ്യിപ്പിക്കുകയാണെന്ന് മാതാപിതാക്കൾ പറഞ്ഞു.

ദുബായിൽ ഒഴിവു വരുമ്പോൾ അവിടേക്ക് മാറ്റാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കഴിഞ്ഞ സെപ്റ്റംബർ 28നാണ് ഇവരെ ബാങ്കോക്കിൽ എത്തിച്ചത്. തുടർന്ന് ഇവിടെ നിന്നും മണിക്കൂറുകളോളം യാത്ര ചെയ്‌ത്‌ മ്യാൻമറിലെ ദ്വീപിൽ എത്തിക്കുകയായിരുന്നു. ഓൺലൈൻ തട്ടിപ്പ് കേന്ദ്രമാണെന്ന് മനസിലാക്കിയ ഇവർ ഈ ജോലി ചെയ്യാൻ വിസമ്മതിച്ചെങ്കിലും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ജോലി ചെയ്യിപ്പിച്ച് വരികയാണ്.

ഇവരെ കൂടാതെ മലയാളികൾ അടക്കമുള്ള നൂറു കണക്കിന് ഇന്ത്യക്കാർ ഇവിടെ കുടുങ്ങി കിടക്കുകയാണെന്നും ഇവർ പറയുന്നു. ഇതുസംബന്ധിച്ച് വിദേശ മന്ത്രാലയത്തിനും മ്യാൻമറിലെ ഇന്ത്യൻ എംബസിക്കും കേരള മുഖ്യമന്ത്രിക്കും എം പി മാരായ കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, ജോർജ്ജ് കുര്യൻ എന്നിവർക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.