മുംബൈ: മഹാരാഷ്ട്രയിൽ പെൺകുട്ടിയെ ചുംബിക്കാന്‍ ശ്രമിച്ച 35 കാരന് 1 വർഷം കഠിന തടവും 5000 രൂപ പിഴയും ചുമത്തി. 3 മാസം നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. 2022 ജൂണിലാണ് സംഭവം നടക്കുന്നത്.
ബാന്ദ്രയിലേക്ക് ട്രെയിനിൽ പോകുമ്പോഴായിരുന്നു 19കാരിക്ക് ദുരനുഭവം ഉണ്ടായത്. സ്റ്റേഷന്‍ തെറ്റിയിറങ്ങിയ യുവതി അടുത്ത ട്രെയിനിനായി കാത്തുനില്‍ക്കുന്നതിനിടെ ഫോണ്‍ ചെയ്യുമ്പോഴാണ് യുവാവിന്റെ ആക്രമണം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. പിന്നിൽ നിന്നും കഴുത്തിൽ പിടുത്തമിട്ട യുവാവ് ബലംപ്രയോഗിച്ച് യുവതിയുടെ ചുണ്ടിൽ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ശക്തമായി യുവാവിനെ തള്ളിയതിനാൽ യുവാവിന്‍റെ ആക്രമണത്തിൽ നിന്ന രക്ഷപ്പെടാനായി എന്ന് പരാതിയിൽ പറയുന്നു. തുടർന്ന് യുവതി ഒച്ചവച്ചതിനാൽ മറ്റ് യാത്രക്കാർ 35കാരനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് തെളിയുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ഹീനമായ കുറ്റകൃത്യമെന്നും കോടതി വ്യക്തമാക്കി.