മാന്നാര്‍ കൊല: കലയുടെ മൃതദേഹ അവശിഷ്ടമെന്ന് സംശയിക്കുന്ന വസ്തുക്കൾ കിട്ടി, ഭർത്താവിനും പങ്കുണ്ടെന്ന് സംശയം

സംഭവത്തിൽ ഭര്‍ത്താവ് അനിലിനും പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്
mannar kala murder mortal remains found from septic tank
കല | സെപ്റ്റിക് ടാങ്കിൽ ഫൊറൻസിക് സംഘം പരിശോധന നടത്തുന്നു
Updated on

ആലപ്പുഴ: ആലപ്പുഴ മന്നാറിൽ നിന്നും കാണാതായ കലയെന്ന യുവതിയുടെ മൃതദേഹ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന വസ്തുക്കൾ സെപ്റ്റിക് ടാങ്കിൽ നിന്നും ലഭിച്ചു. എന്നാൽ അത് മൃതദേഹത്തിന്‍റെ ഭാഗമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. 15 വര്‍ഷം പഴക്കമുള്ളതിനാൽ ചെറിയ അവശിഷ്ടം മാത്രമേ ലഭിക്കൂവെന്ന് ഫൊറൻസിക് സംഘം സംശയിക്കുന്നുണ്ട്. വിശദമായി പരിശോധന തുടരുകയാണ്.

സംഭവത്തിൽ ഭര്‍ത്താവ് അനിലിനും പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള 5 പ്രതികളും കുറ്റം സമ്മതിച്ചിട്ടില്ല. 5 പേരും പരസ്പരം ബന്ധമില്ലാത്ത മൊഴികളാണ് നൽകുന്നത്. അറസ്റ്റിലായവരെല്ലാം അനിലിന്‍റെ ബന്ധുക്കളാണ്. ഇതിലൊരാൾ അനിലിന്‍റെ സഹോദരി ഭർത്താവാണ്.

കലയെ കാണാതായ സമയത്ത് ബന്ധുക്കൾ പരാതി നൽ‌കിയിരുന്നെങ്കിലും അന്വേഷണം മുന്നോട്ടു പോയിരുന്നില്ല. പിന്നീട് വിദേശത്തേക്ക് പോയ അനിൽ വീണ്ടും വിവാഹിതനാകുകയും ചെയ്തു.

ഇരമത്തൂരിലെ വീട് പൊളിച്ചു പുതിയ വീട് പണിഞ്ഞിരുന്നുവെങ്കിലും ബാത്ത്റൂമും സെപ്റ്റിക് ടാങ്കും അതേ പോലെ തന്നെ നില നിർത്തുകയായിരുന്നു. വാസ്തുശാസ്ത്രം പ്രകാരമാണ് സെപ്റ്റിക് ടാങ്ക് പൊളിച്ചു നീക്കാത്തതെന്നാണ് അനിൽ നാട്ടുകാർക്ക് നൽകിയിരുന്ന വിശദീകരണം. ഇതും സംശയങ്ങൾക്ക് ഇട വച്ചിരുന്നു.

20 വയസിലാണ് കലയെ കാണാതാകുന്നത്. മൂന്നു മാസങ്ങൾക്കു മുൻപ് മാന്നാർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച ഊമക്കത്തിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വർഷങ്ങളോളമായി ചാരം മൂടിക്കിടന്നിരുന്ന കൊലപാതകക്കേസ് വെളിച്ചത്തു കൊണ്ടു വന്നത്. കൊലക്കേസിൽ ഉൾപ്പെട്ടുവെന്നു കരുതുന്ന ഒരാൾ സ്വന്തം ഭാര്യയുമായുണ്ടായ വാക്കേറ്റത്തിനിടെ അവളെപ്പോലെ നിന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ഊമക്കത്തിലുണ്ടായിരുന്നത്.

Trending

No stories found.

Latest News

No stories found.