അരുണാചൽ സ്വദേശിയുടെ മരണകാരണം ആൾക്കൂട്ട മർദനമെന്ന് സ്ഥിരീകരിച്ച് പൊലീസ്; 10 പേർ അറസ്റ്റിൽ

വാളകം രുചിക്കൂട്ട് ഹോട്ടലില്‍ ചൈനീസ് കുക്കായി ജോലി ചെയ്ത് വരികയായിരുന്നു മരിച്ച അശോക് ദാസ്
Representative image
Representative image
Updated on

മൂവാറ്റുപുഴ: മൂവാറ്റുപുഴ വാളകത്ത് അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് (24) മരിച്ചത് ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത 10 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വിജീഷ്, അനീഷ്, സത്യന്‍, സൂരജ്, കേശവ്, ഏലിയാസ് കെ. പോള്‍, അമല്‍, അതുല്‍കൃഷ്ണ, എമില്‍, സനല്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.വാളകം രുചിക്കൂട്ട് ഹോട്ടലില്‍ ചൈനീസ് കുക്കായി ജോലി ചെയ്ത് വരികയായിരുന്നു മരിച്ച അശോക് ദാസ്. അശോകിനൊപ്പം ജോലി ചെയ്തിരുന്ന പെണ്‍സുഹൃത്തിനെ കാണാന്‍ വെള്ളിയാഴ്ച വൈകിട്ട് അവരുടെ താമസസ്ഥലത്ത് എത്തിയതായിരുന്നു ഇയാള്‍. എല്‍എല്‍ബിക്ക് പഠിച്ചിരുന്ന മറ്റൊരു പെണ്‍കുട്ടിയും ഈ യുവതിക്കൊപ്പം ഇവിടെ താമസിച്ചിരുന്നു. ഇവരുടെ വീട്ടില്‍ വച്ച് അശോക് ദാസ് മദ്യപിച്ചു. പിന്നീട് അശോകിന്‍റെ സുഹൃത്തായ യുവതി ഹോട്ടലിലേക്ക് പോയെങ്കിലും ഏഴരയോടെ തിരിച്ചെത്തി. വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടി സുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നു. വരുമ്പോള്‍ വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടി കുളിമുറിയില്‍ കയറി വാതിലടച്ചിരിക്കുകയായിരുന്നു.

ഇതിന്‍റെ പേരില്‍ അശോക് ദാസും പെണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായെന്നും താന്‍ തെറ്റുകാരനല്ലെന്ന് പറഞ്ഞ് ഇയാള്‍ ജനല്‍ച്ചില്ല് ഇടിച്ചുപൊട്ടിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. ചില്ല് തറച്ച് കൈക്ക് പരുക്ക് പറ്റിയ ഇയാൾ പിന്നീട് ഇവിടെ നിന്ന് ഇറങ്ങിയോടി. കൈയില്‍ രക്തം ഒലിപ്പിച്ച നിലയില്‍ കണ്ട ഇയാളോട് സമീപവാസികള്‍ കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഓടിപ്പോയ ഇയാളെ നാട്ടുകാര്‍ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. തൂണില്‍ പിടിച്ചുകെട്ടിയിടുന്നതിനിടെയിലാണ് കൂടുതല്‍ മര്‍ദ്ദനമേറ്റത്. തലക്കും നെഞ്ചിനുമേറ്റ മര്‍ദനമാണ് മരണകാരണമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനിലയിലായ അശോക് ദാസിനെ പുലര്‍ച്ചെ തന്നെ പൊലീസ് എത്തി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ മരണം സംഭവിച്ചിരുന്നു.

തലയിലും നെഞ്ചിലും ഏറ്റ ക്ഷതം മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം അശോക് ദാസിന്‍റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ മൂവാറ്റുപുഴയിൽ എത്തിയതിനു ശേഷമായിരിക്കും തുടര്‍ നടപടികളുണ്ടാകുക.

Trending

No stories found.

Latest News

No stories found.