തിരുവനന്തപുരം: സുഹൃത്തിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ നെയ്യാറ്റിൻകര സ്വദേശിക്ക് ഇരട്ട ജീവപര‍്യന്തവും രണ്ടുലക്ഷം രൂപ പിഴയും. കുഴിച്ചാണി അശ്വതി ഭവനിൽ ജോൺ (53)നെയാണ് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെക്ഷൻസ് കോടതി ജഡ്ജി എ.എം. ബഷീർ ശിക്ഷിച്ചത്. സുഹൃത്തായ തോമസ് (43)നെയാണ് ജോൺ കൊലപ്പെടുത്തിയത്. നിരവധി കേസുകളിൽ പ്രതിയായ ജോൺ തോമസിന്‍റെ സഹോദരിയോട് സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
2021ൽ ചെങ്കൽ വട്ടവിള ജംഗ്ഷനിൽ കാപ്പി കുടിക്കാനെത്തിയ തോമസിനെ നാട്ടുക്കാരുടെ മുന്നിൽവെച്ച് പിടിച്ചുതള്ളുകയും കളിയാക്കുകയും ചെയ്തു. തുടർന്ന് വീട്ടിലേക്ക് പോകാനൊരുങ്ങിയ തോമസിനെ അനുനയിപ്പിച്ച് ബൈക്കിൽ കയറ്റുകയും കുഴിച്ചാണിയിലെ തന്‍റെ വീട്ടിൽവെച്ച് മർദ്ദിച്ചവശനാക്കുകയും ചെയ്തു.
തുടർന്ന് പാറക്കഷണംകൊണ്ട് അടിക്കുകയും തല പിടിച്ച് മുറിയിലെ കട്ടിലിലെ കാലിൽ ഇടിച്ചുമാണ് തോമസിനെ ജോൺ കൊലപ്പെടുത്തിയത്. ക്രൂരമായ മർദനത്തിൽ തോമസിന്‍റെ എട്ട് വാരിയെല്ലുകൾ തകർന്നിരുന്നു.
തുടക്കത്തിൽ അസ്വഭാവിക മരണത്തിനാണ് പാറശ്ശാല പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. തുടരന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. കൃത‍്യത്തിന് ഉപയോഗിച്ച പ്രതിയുടെ തോർത്ത്, മുണ്ട്, ഷർട്ട് എന്നിവ പൊലീസ് കണ്ടെടുത്തു.