തിരുവനന്തപുരം: സ്ഥിരമായി സെരോദ പ്ലാറ്റ്ഫോമിൽ ഓൺലൈൻ ട്രേഡ് നടത്തിയിരുന്ന പ്രവാസിയെ വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിച്ച് 6 കോടി തട്ടിയെടുത്തതായി പരാതി.
ട്രേഡിങ്ങിനു വേണ്ടിയുളള വിവിധ ഗ്രൂപ്പുകളിൽ ചേർത്ത് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചും ഇതിന്‍റെ വെബ് സൈറ്റിൽ ലോഗിൻ ചെയ്യിച്ച ശേഷം പല കമ്പനികളുടെ ട്രേഡിങ്ങിനായി വിവിധ പേരിലുളള അക്കൗണ്ടുകളിലേയ്ക്കു ലക്ഷക്കണക്കിന് രൂപ ഡിപ്പോസിറ്റ് ചെയ്യിച്ചു. തുടർന്നു വൻതുകൾ ലാഭം കിട്ടിയതായി കാണിച്ച് വിശ്വസിപ്പിച്ച ശേഷം തുടർന്ന് രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പ്രോഫിറ്റിന്‍റെ 20% തുക വീണ്ടും നിക്ഷേപിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിയത്. തുടർന്ന് സൈബർ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു.
ഏകദേശം ഒരു മാസക്കാലയളവിൽ 6 കോടിയിലധികം രൂപയാണ് ഇത്തരത്തിൽ തട്ടിച്ചെടുത്തത്. പരാതിക്കാരൻ ദീർഘകാലം വിദേശത്ത് ഐടി മേഖലയിൽ ജോലി നോക്കിയ ആളും വിരമിച്ച ശേഷം നാട്ടിലെത്തി 2 വർഷമായി ഓൺലൈൻ ട്രേഡിങ്ങിൽ ഏർപ്പെട്ട് വരവെയാണ് ഈ തട്ടിപ്പിനിരയായത്. ട്രേഡിങ്ങുമായി ബന്ധപ്പെട്ട് ഇയാൾ വിവിധ വെബ് സൈറ്റുകൾ സന്ദർശിച്ചത് പിന്തുടർന്നാണു തട്ടിപ്പുകാർ ഇത്തരത്തിൽ ഇരയാക്കിയത്.
ഇത്തരം തട്ടിപ്പുകൾക്ക് ഇരയായാൽ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്‍റെ 1930 എന്ന ഫോൺ നമ്പരിലോ www.cybercrime.gov.in ലോ ഉടൻ പരാതി രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ.