വീട്ടിലിരുന്ന് ഓൺലൈൻ ജോലി: തട്ടിപ്പ് പെരുകുന്നു, 6 പേർ അറസ്റ്റിൽ

എറണാകുളത്ത് വീട്ടമ്മയ്ക്ക് നഷ്ടമായത് 17.5 ലക്ഷം രൂപ, തൃശൂരിലും ലക്ഷങ്ങളുടെ തട്ടിപ്പ്
Online job scam wide spread
എറണാകുളത്തും തൃശൂരും അറസ്റ്റിലായ പ്രതികൾ.
Updated on

കൊച്ചി: ഓൺലൈൻ ജോലി വീട്ടിലിരുന്ന് ചെയ്ത വലിയ വരുമാനമുണ്ടാക്കാം എന്നു തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന തട്ടിപ്പുകൾ പെരുകുന്നു. കഴിഞ്ഞ ദിവസം എറണാകുളം, തൃശൂർ ജില്ലകളിലായി ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് ആറു പേരാണ്- എറണാകുളത്ത് നാലു പേരും തൃശൂരിൽ രണ്ടു പേരും. എറണാകുളത്ത് വീട്ടമ്മയെ കബളിപ്പിച്ച് 17.5 ലക്ഷം രൂപ തട്ടിയെടുത്തതാണ് കേസ്. തൃശൂരിൽ നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ട്.

വീട്ടിലിരുന്ന് റേറ്റിങ് ഇട്ടാൽ പണം!

കോഴിക്കോട് പെരുവയൽ പുലപ്പറമ്പിൽ മുഹമ്മദ് മിൻഹാജ് (22), പെരുവയൽ പന്തീരൻകാവ് കുഴിപ്പള്ളി മിത്തൽ ഷിഫാദലി (27), ഇരുപതു വയസുള്ള രണ്ട് പേർ എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ സൈബർ പൊലീസ് ടീം അറസ്റ്റ് ചെയ്തത്.

വീട്ടിലിരുന്ന് ഒൺലൈൻ ടാസ്കിലൂടെ ജോലി ചെയ്ത് വരുമാനമുണ്ടാക്കാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ചാണ് എടത്തല സ്വദേശിനിയായ വീട്ടമ്മയ്ക്ക് 17.5 ലക്ഷം രൂപ നഷ്ടമായത്. ഒരു സൈറ്റിൽ പ്രവേശിച്ച് അതിൽ രജിസ്റ്റർ ചെയ്യാനാണ് തട്ടിപ്പുകാർ ആദ്യം പറഞ്ഞത്. 'വെറൈറ്റി ഫുഡിന്' റേറ്റിങ് ഇടുക എന്നതുമാത്രമായിരുന്നു നിർദേശിച്ചിരുന്ന ജോലി. തുടക്കത്തിൽ ഇതിനു പ്രതിഫലം എന്നോണം കുറച്ച് പണവും കൊടുത്തു.

ചൂണ്ടയിൽ കൊത്തിയാൽ പെട്ടു

പണം നിക്ഷേപിച്ചാൽ കൂടുതൽ വലിയ വരുമാനം കിട്ടുമെന്നായിരുന്നു അടുത്ത ഓഫർ. ആദ്യം പണം കിട്ടിയിരുന്നതിനാൽ ഇതിൽ വിശ്വസിച്ച വീട്ടമ്മ 3 ലക്ഷം, 5 ലക്ഷം, 2 ലക്ഷം എന്നിങ്ങനെ ഘട്ടം ഘട്ടമായി തുക നിക്ഷേപിക്കുകയും ചെയ്തു. ഇതിന്‍റെയും ആദ്യഘട്ടത്തിൽ ചെറിയ തുക ലാഭവിഹിതം പോലെ തിരിച്ചു കൊടുക്കുകയും ചെയ്തു. അങ്ങനെ പല ഘട്ടങ്ങളിലായി 17.5 ലക്ഷം രൂപ നിക്ഷേപിച്ചു.

സംഘം പറഞ്ഞ ഒമ്പത് അക്കൗണ്ടുകളിലേക്കാണ് വീട്ടമ്മ പണം നിക്ഷേപിച്ചത്. ലാഭവിഹിതമായി വൻ തുക അവരുടെ പേജിൽ കാണിച്ചു കൊണ്ടുമിരുന്നു. പക്ഷേ, ഈ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ അതിനു സാധിച്ചില്ല. അപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് പരാതി നൽകി.

പിടിയിലായത് ചെറുമീനുകൾ

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം പിടിയിലായത്. സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ടുകൾ എടുത്ത് തട്ടിപ്പ്സംഘത്തിന് വിൽക്കുകയും അതിന് കൂട്ടുനിൽക്കുകയും ചെയ്തവരാണ് പിടിയിലായവർ. ഇതിൽ ഒരാളുടെ പേരിൽ മാത്രം എട്ട് അക്കൗണ്ടുകളുണ്ട്. ഇത്തരത്തിൽ മറ്റു നിരവധി ആളുകളെയും ഇവർ കബളിപ്പിച്ചിട്ടുണ്ടാകാം എന്നാണ് കരുതുന്നത്.

വീട്ടമ്മയുമായി തട്ടിപ്പ് സംഘം ആശയ വിനിമയം നടത്തിക്കൊണ്ടിരുന്നത് ടെലഗ്രാം വഴിയാണ്. പിടിയിലായവർക്ക് ഒരു അക്കൗണ്ടിന് നിശ്ചിത തുകയും, അക്കൗണ്ടിൽ വരുന്ന തുകയ്ക്ക് കമ്മീഷനുമാണ് നൽകുന്നത്.

കൊരട്ടിയിൽ നടന്നതും സമാന തട്ടിപ്പ്

മലപ്പുറം പൂങ്ങോട് അത്തിമണ്ണിൽ വീട്ടിൽ മുഹമ്മദ് ഷഫീഖ് (31), കുറുങ്കണ്ണൻ വീട്ടിൽ ഇർഷാദ് (33) എന്നിവരാണ് തൃശൂർ ജില്ലയിലെ കൊരട്ടിയിൽ അറസ്റ്റിലായത്. ഫെയ്സ്‌ബുക്കിലെ പാർട്ട് ടൈം ജോലി സംബന്ധിച്ച പരസ്യം കണ്ടാണ് പരാതിക്കാരനെ മെസഞ്ചറിലൂടെ തട്ടിപ്പുകാരെ ബന്ധപ്പെടുന്നത്. ഇതിനു പിന്നാലെ 20058 റെക്കോഡ് ബ്രേക്കർ എന്ന എന്ന ടെലഗ്രാം ഗ്രൂപ്പിൽ ചേർത്തു. അതിൽ നിന്നാണ് തട്ടിപ്പിനായി ഉണ്ടാക്കിയ www. Droom-memberguest.com എന്ന വെബ്സൈറ്റിൽ കയറി പേര് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചത്. തുടർന്ന്, ഓൺലൈൻ മത്സരങ്ങളും മറ്റും നൽകി. തുടക്കത്തിൽ ചെറിയ തുകകൾ പ്രതിഫലമായി കൊടുക്കുകയും ചെയ്തു.

ഇത്തരത്തിൽ പരാതിക്കാരന്‍റെ വിശ്വാസം നേടിയെടുത്ത ശേഷമാണ് പന്ത്രണ്ട് ലക്ഷത്തോളം രൂപ നിക്ഷേപം എന്ന പേരിൽ പ്രതികൾ വാങ്ങിയെടുത്തത്. വലിയ ലാഭം വാഗ്ദാനം ചെയ്തായിരുന്നു ഇത്.

പരാതിക്കാരനുമായി ഓൺലൈനിലൂടെ ബന്ധപ്പെട്ടവരെല്ലാം മലയാളികളാണ്. പരാതിക്കാരൻ 1930 എന്ന നമ്പറിൽ വിളിച്ച് എൻസിആർപി പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ബാങ്ക് അക്കൗണ്ട് കൈവശം വച്ചിരിക്കുന്ന പ്രതികളിൽ നിന്ന് ഓൺലൈൻ തട്ടിപ്പ് നടത്തുന്നതിന് വേണ്ടി നാട്ടുകാരിൽ നിന്നു തന്ത്രപൂർവ്വം കൈവശപ്പെടുത്തിയ 53 എടിഎം കാർഡുകളും മറ്റു പലരുടെ 5 സിമ്മുകളും 13,85,000 രൂപയും 5 മൊബൈൽ ഫോണുകളും മഹേന്ദ്ര എക്സ്‌യുവി കാറും പിടിച്ചെടുത്തു.

Trending

No stories found.

Latest News

No stories found.