ആലുവ: കാപ്പ നടപടി ശക്തമാക്കി റൂറൽ പോലീസ്. ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഒരു കുറ്റവാളിയെ നാടുകടത്തി. കോട്ടപ്പടി വടോട്ടുമാലിൽ വീട്ടിൽ പ്രദീപിനെയാണു കാപ്പ ചുമത്തി ജയിലിലടച്ചത്. രാമമംഗലം കിഴുമുറി പുളവൻമലയിൽ രതീഷിനെയാണ് ഒരു വർഷത്തേക്ക് നാടുകടത്തിയത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണു നടപടി. കോട്ടപ്പടി, കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, ദേഹോപദ്രവം, വ്യാജവാറ്റ് തുടങ്ങി നിരവധി കേസിലെ പ്രതിയാണു പ്രദീപ്. കഴിഞ്ഞ ആഗസ്ത് മുതൽ എല്ലാ ചൊവ്വാഴ്ചയും പെരുമ്പാവൂർ എ.എസ്.പി ഓഫീസിൽ ഹാജരാകണമെന്ന ഉത്തരവ് ലംഘിച്ച് ഡിസംബറിൽ കുറുപ്പംപടി വട്ടോലിപ്പടിയിൽ സാജു എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് ഇയാളെ കാപ്പ ചുമത്തി ജയിലിൽ അടച്ചത്.
രാമമംഗലം, മുട്ടം പോലീസ് സ്‌റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കയറൽ, സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണു രതീഷ്. കഴിഞ്ഞ ഒക്ടോബറിൽ സോണി എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും, കഴിഞ്ഞ മാസം വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയായതിനെ തുടർന്നാണ് ഇയാളെ നാടുകടത്തിയത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി റൂറൽ ജില്ലയിൽ 69 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 49 പേരെ നാടുകടത്തി. വരും ദിവസങ്ങളിൽ കൂടുതൽ കുറ്റവാളികൾക്കെതിരെ കാപ്പ ഉൾപ്പടെ നടപടിയുണ്ടാകുമെന്ന് എസ്.പി വിവേക് കുമാർ പറഞ്ഞു.