പൾസർ സുനിക്കു പിന്നിലെ സാമ്പത്തിക സ്രോതസ് ആരാണെന്ന് സിംഗിൽ ബെഞ്ച് തന്നെ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു | Pulsar Suni to be released after 10 bail pleas
പൾസർ സുനി പുറത്തിറങ്ങുന്നത് 10 ഹർജികൾക്കൊടുവിൽ

പൾസർ സുനി പുറത്തിറങ്ങുന്നത് 10 ഹർജികൾക്കൊടുവിൽ

പൾസർ സുനിക്കു പിന്നിലെ സാമ്പത്തിക സ്രോതസ് ആരാണെന്ന് സിംഗിൽ ബെഞ്ച് തന്നെ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു
Published on

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴാണ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ മാത്രം തുടർച്ചയായി പത്ത് തവണ ജാമ്യ ഹർജി നൽകിയതിലെ സാമ്പത്തിക സ്രോതസ് ആരാണെന്ന് സിംഗിൽ ബെഞ്ച് തന്നെ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. കേസിലെ എട്ടാം പ്രതിയായ ദിലീപ് മാത്രം 57 ഹർജികളാണ് വിവിധ കോടതികളിലായി നൽകിയത്. വിചാരണ നീണ്ടു പോകുന്നതിൽ സുപ്രീം കോടതി പ്രകടിപ്പിച്ച അനിഷ്ടത്തിന്‍റെ പ്രധാന കാരണവും ഈ ഹർജികളാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്.

2017 ജൂൺ 18നാണ് കേസില്‍ സുനില്‍കുമാറിനെ ഒന്നാം പ്രതിയാക്കി അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നാലെ ജൂലൈയിൽ ദിലീപിനെ അറസ്റ്റ് ചെയ്തു. നവംബറിൽ അനുബന്ധ കുറ്റപത്രം കൂടി സമർപ്പിച്ചതോടെ സംസ്ഥാനം ഇത് വരെ കാണാത്ത അസാധാരണമായ സങ്കീർണതകളിലേക്ക് നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നീണ്ടു.

നടിയെ ആക്രമിച്ച മെമ്മറി കാർഡിന്‍റെ പകർപ്പടക്കം ആവശ്യപ്പെട്ട് 2019 മെയ് മാസത്തിൽ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചതോടെ വിചാരണ മാസങ്ങൾ മരവിച്ചു. അന്ന് മുതൽ ഇന്ന് വരെ വിവിധ കോടതികളിലായി ദിലീപ് നൽകിയ 57 ഹർജികൾ വിചാരണയെ സാരമായി ബാധിച്ചെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്. ഇതിൽ 25 ഹർജികൾ കോടതി അനുവദിച്ചു. 11 ഹർജികൾ തള്ളി. ഈ ഹർജികളിലെ കോടതി തീരുമാനത്തിലുണ്ടായ കാലതാമസത്തിനിടെ 2020 നവംബറിൽ വനിത ജഡ്ജിക്കെതിരെ നടിയും ഹൈക്കോടതിയിലെത്തി.

വിചാരണ സമയം നീട്ടി നൽകാൻ ആവശ്യപ്പെട്ട് വനിത ജഡ്ജിയും കോടതിയിലെത്തിയത് അത്യപൂർവ്വ നിയമ നടപടിക്കും വഴിവെച്ചു. ഈ ഹർജിയിൽ മേൽകോടതി വിചാരണ കോടതിക്ക് ആറ് മാസം സമയം അനുവദിച്ചു. 2022 ജനുവരിയിൽ കേസിലെ ദിലീപിന്‍റെ പങ്കിൽ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വന്നു. പിന്നാലെ ഇതേക്കുറിച്ചുള്ള ക്രൈം ബ്രാഞ്ച് അന്വേഷണവും. തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ പിന്നെയും മാസങ്ങളെടുത്തു.

കേസിലെ പ്രോസിക്യുട്ടർമാരും മൂന്ന് തവണ മാറി. കുറ്റപത്രം സമർപ്പിച്ചത് മുതൽ പൾസർ സുനിയും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച് തുടങ്ങി. എറണാകുളം സബ് ജയിലിൽ കഴിയുന്ന സുനിൽ ഇത് വരെ ഹൈക്കോടതിയിൽ നൽകിയത് പത്ത് ജാമ്യഹർജികളാണ്. ലീഗൽ സർവ്വീസസ് അതോറിറ്റി സഹായത്തിൽ അല്ല സ്വന്തം അഭിഭാഷകൻ വഴിയായിരുന്നു സുനിലിന്‍റെ നീക്കങ്ങൾ.

പത്താം തവണയും ജാമ്യഹർജി തള്ളിയ ഹൈക്കോടതി തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്തതിന് 25,000 രൂപ സുനിലിന് പിഴയിട്ടു. കേസിലെ സാഹചര്യം അതേപടി തുടർന്നു വരുമ്പോഴും ദിവസങ്ങൾക്കുള്ളിൽ പ്രതി ജാമ്യാപേക്ഷ നൽകുന്നതാണ് കോടതി വിമർശിച്ചത്. നിയമനടപടിക്കായുള്ള പ്രതിയുടെ സാമ്പത്തിക സ്രോതസ്സിലും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ സംശയം ഉന്നയിച്ചു.

കോടതിയിൽ ഹാജരായ പല സാക്ഷികളും കൂറുമാറി. വിചാരണയുടെ അവസാന ഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ പല ദിവസങ്ങളിലായി 113 ദിവസമാണ് ദിലീപിന്‍റെ അഭിഭാഷകൻ ക്രോസ് വിസ്താരം നടത്തിയത്. അടച്ചിട്ട കോടതി മുറിക്കുള്ള വിചാരണ ഇനിയും എത്രമാസം നീളുമെന്ന് ഉറപ്പില്ലാത്ത ഘട്ടത്തിലാണ് കേസിലെ മുഖ്യപ്രതിക്ക് ജാമ്യം കിട്ടുന്നത്.