മുംബൈ: ലോറൻസ് ബിഷ്ണോയിയും അയാളുടെ സംഘാംഗങ്ങളും തന്നെയും കുടുംബത്തെയും അപായപ്പെടുത്താൻ ശ്രമിക്കുന്നത് ഇതാദ്യമല്ലെന്ന് ബോളിവുഡ് താരം സൽമാൻ ഖാൻ. തന്‍റെ വീടിനു നേരെയുണ്ടായ വെടിവയ്പ്പിനെക്കുറിച്ച് പൊലീസിനു നൽകിയ മൊഴിയിലാണ് പരാമർശം.
കഴിഞ്ഞ ഏപ്രിൽ പതിനാലിനാണ് സൽമാന്‍റെ ബാന്ദ്രയിലെ വീടിനു നേരേ വെടിവയ്പ്പുണ്ടായത്. ഇതിനു പിന്നിൽ ബിഷ്ണോയ് ഗാങ് തന്നെയാണെന്ന സംശയമാണ് പൊലീസിനു നൽകിയ മൊഴിയിൽ സൽമാൻ പ്രകടിപ്പിച്ചിരിക്കുന്നത്. പൊലീസിന്‍റെ നിഗമനവും ഇതു തന്നെയാണ്. പ്രതികൾക്കെതിരേ വിചാരണ നടപടികൾ തുടരാൻ പ്രഥമദൃഷ്ട്യാ മതിയായ തെളിവുണ്ടെന്ന് കോടതിയും വ്യക്തമാക്കി.
ആക്രമണത്തിന്‍റെ ഉത്തരവാദിത്വം നേരത്തെ തന്നെ സമൂഹ മാധ്യമത്തിലൂടെ ബിഷ്ണോയ് ഗാങ് ഏറ്റെടുത്തിരുന്നു. ജോധ്പുരിൽ സൽമാനും സംഘവും കൃഷ്ണമൃഗത്തെ വേട്ടയാടിയതിനു പ്രതികാരമായാണ് ബിഷ്ണോയ് ഗാങ്ങിന്‍റെ ആക്രമണ ശ്രമങ്ങൾ. ബിഷ്ണോയ് സമുദായക്കാർ ബ്ലാക്ക് ബക്ക് എന്ന കൃഷ്ണമൃഗത്തെ വിശുദ്ധമായാണ് കണക്കാക്കുന്നത്.