മുംബൈയിൽ മകൻ അമ്മയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു; വിഷാദ രോഗിയെന്ന് സംശയം

സംഭവസ്ഥലത്ത് നിന്ന് നാല് ആത്മഹത്യാ കുറിപ്പുകൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്
son tried to commit suicide by killing his mother in mumbai
മുംബൈയിൽ മകൻ അമ്മയെ കൊലപ്പെടുത്തി ആത്മഹത്യ ശ്രമിച്ചു; വിഷാദ രോഗിയെന്ന് സംശയം; വിഷാദ രോഗിയെന്ന് സംശയം
Updated on

മുംബൈ: മുംബൈയിൽ മകൻ അമ്മയെ കൊലപ്പെടുത്തി ആത്മഹത്യ ശ്രമിച്ചു. വർളിയിലാണ് രണ്ടു ദിവസം മുമ്പ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്വന്തം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും വൃദ്ധയായ അമ്മയെ കൊലപ്പെടുത്തുകയും ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്ത മകൻ ഇപ്പോൾ ആശുപത്രിയിൽ ആണ്. സംഭവസ്ഥലത്ത് നിന്ന് നാല് ആത്മഹത്യാ കുറിപ്പുകൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. കത്തിൽ മകൻ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും തൽഫലമായി മാനസിക പിരിമുറുക്കവും ചൂണ്ടിക്കാട്ടിയിട്ടുണ്ട് എന്നാണ് വിവരം.

ഒക്‌ടോബർ 26 ന് രാവിലെ 11 മണിയോടെ വർളിയിലെ ഗാന്ധി നഗർ ഏരിയയിൽ, ശിവകൽപ് ബിൽഡിംഗ് നമ്പർ 5 ന്‍റെ രണ്ടാം നിലയിലെ വാടക അപ്പാർട്ട്‌മെന്‍റിൽ ലളിത സംബന്ധത്തെ (74) രക്തത്തിൽ കുളിച്ചു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തുകയും ഉടൻ നായർ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ അവിടെ പ്രവേശിപ്പിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. അതിനിടെ, പരുക്കേറ്റ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയ മകനെ ബന്ധുക്കളും അയൽവാസികളും ചേർന്ന് വൈദ്യചികിത്സയ്ക്കായി വോക്കാർഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പൊലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, മുറിയുടെ ഉടമ ദേവദാസ് സക്പാൽ രണ്ട് വർഷം മുമ്പ് ആണ് 53 കാരനായ ബൽസൻമുഖം കുപ്പുസ്വാമി തനിക്കും അമ്മയ്ക്കുമായി അപ്പാർട്ട്മെന്‍റ് വാടകയ്ക്ക് മേടിച്ചത്. എന്നാൽ ലളിത അവിടെ താമസിക്കുമ്പോൾ, ബൽസൻമുഖം ഭാര്യയോടും 24 വയസുള്ള മകളോടും ഒപ്പം ജസ്‌ലോക് ആശുപത്രിക്ക് സമീപമുള്ള മലബാർ ഹില്ലിലെ ദർഭംഗ ഭവനിലാണ് താമസിച്ചിരുന്നത്. ഭാര്യ അമ്മയുമായി എന്നും വഴക്കായിരുന്നതിനാലാണ് വേറെ മാറി താമസിച്ചിരുന്നതെന്നും കത്തിൽ സൂചിപ്പിച്ചതായി പൊലിസ് പറഞ്ഞു. ഭാര്യ സേവന നികുതി വകുപ്പിൽ ക്ലാസ് 2 ഉദ്യോഗസ്ഥയാണ്.

മുമ്പ് ഒരു സ്വകാര്യ കമ്പനിയിൽ മാനേജരായിരുന്ന ബാലസൻമുഖത്തിന് ഏപ്രിലിൽ ജോലി നഷ്ടപ്പെട്ടു.എന്നാൽ 36 ലക്ഷം രൂപ വ്യക്തിഗത വായ്പ ബൽസൻമുഖം എടുത്തതിനാൽ, ഇഎംഐ പേയ്‌മെന്‍റുകൾ അടക്കാൻ കഴിയാതെ വരികയും ഇത് കടുത്ത സമ്മർദത്തിലേക്ക് നയിക്കുകയും ചെയ്തു.പൊലീസ് റിപ്പോർട്ട്‌ പ്രകാരം,ഇയാൾ അമ്മയെ അവരുടെ അപ്പാർട്ട്മെന്‍റിൽ പോയി പതിവായി കാണുകയും ചെയ്തിരുന്നു. എന്നാൽ സാമ്പത്തിക സമ്മർദം അയാളെ തളർത്തുകയും ഒടുവിൽ ഒരുമിച്ച് ജീവിതം അവസാനിപ്പിക്കാൻ അമ്മയോട് നിർദേശിച്ചതായും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

അന്വേഷണത്തിൽ, വർലി പൊലീസ് നാല് വ്യത്യസ്ത ആത്മഹത്യാ കുറിപ്പുകൾ കണ്ടെടുത്തു, ഓരോന്നും വ്യത്യസ്ത വ്യക്തികളെ അഭിസംബോധന ചെയ്തു-ഭാര്യ, മകൾ, വർളി പൊലീസ്, അപ്പാർട്ട്മെന്‍റ് ഉടമ എന്നിവർക്കാണ് കുറിപ്പ് എഴുതിയത്. ഈ കുറിപ്പുകളിൽ, വിഷാദരോഗത്തിന്‍റെ ചില സൂചനകൾ പൊലീസിന് ലഭിച്ചു. അമ്മയുടെ പ്രായവും അവർ പങ്കിട്ട ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതായും കുറിപ്പിൽ പരാമർശിച്ചതായി പൊലിസ് പറഞ്ഞു. മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്ന് വ്യക്തമായി എഴുതി. തൽഫലമായി, വർളി പൊലീസ് സ്റ്റേഷനിൽ ബിഎൻഎസ് നിയമത്തിലെ സെക്ഷൻ 103 (1) പ്രകാരം ബൽസൻമുഖത്തിനെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. വോക്കാർഡ് ആശുപത്രിയിൽ ചികിത്സയിലാണ് ബാൽസന്മുഖം ഇപ്പോൾ.

ഒക്‌ടോബർ 25ന് രാത്രി താൻ അമ്മയെ കാണാൻ പോകുമെന്ന് ബൽസൻമുഖം ഭാര്യയെ അറിയിച്ചു. ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകൾ അയാൾ അവളുമായി നേരത്തെ പങ്കുവെച്ചിരുന്നു. അമ്മയുടെ വസതിയിൽ എത്തിയ ശേഷം മുഖം ടവൽ കൊണ്ട് മറയ്ക്കാൻ ആവശ്യപ്പെടുകയും തുടർന്ന് തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു.പിന്നീട് ഇയാൾ കൈയിലും കഴുത്തിലും സ്വയം വെട്ടി പരുക്കേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാത്രി മുഴുവൻ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്ന ഭാര്യ, പിറ്റേന്ന് രാവിലെ വർളി അപ്പാർട്ട്മെന്‍റിൽ എത്തിയപ്പോഴാണ് സംഭവം അറിയുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു.

ഈ ദാരുണമായ സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ പ്രതികരിച്ചില്ല, കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാൻ കഴിയുമെന്നു മാത്രം പോലിസ് പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.