തഞ്ചാവൂർ: തമിഴ്നാട്ടിൽ തഞ്ചാവൂരിനു സമീപം മല്ലിപ്പട്ടണത്ത് സ്കൂൾ വളപ്പിൽ അധ്യാപിക കുത്തേറ്റു മരിച്ചു. ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക രമണി (26) ക്കാണു ദാരുണാന്ത്യം. അക്രമി മദൻ (30) അറസ്റ്റിൽ. വിവാഹാഭ്യർഥന നിരസിച്ചതാണു കൊലയ്ക്കു കാരണമെന്നു റിപ്പോർട്ട്.
സ്കൂളിലെ സ്റ്റാഫ് റൂമിനു മുന്നിൽ നിൽക്കുമ്പോഴാണു രമണിക്കു കുത്തേറ്റത്. കുട്ടികളും സഹ അധ്യാപകരും നോക്കിനിൽക്കെയാണു സംഭവം. രക്തമൊഴുകുന്ന നിലയിൽ അധ്യാപികയെ കുട്ടികൾ വാഹനത്തിലേക്കു കയറ്റുന്നതിന്‍റെ വിഡിയൊ ദൃശ്യങ്ങൾ പുറത്തുവന്നു.
ആക്രമണത്തെ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി അപലപിച്ചു. അധ്യാപക സമൂഹത്തിന് വലിയ നഷ്ടമാണു രമണിയുടെ മരണമെന്നും മന്ത്രി. ഡോക്റ്റർമാരെപ്പോലെ അധ്യാപകർക്കും ജോലി സ്ഥലത്തു സുരക്ഷയില്ലെന്നതിന്‍റെ തെളിവാണിതെന്നു മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു.