ചങ്ങനാശേരിയിൽ വീടുകൾ കുത്തിത്തുറന്ന് ലക്ഷങ്ങളുടെ മോഷണം

വീട്ടുകാർ ഉണർന്നതിനാൽ ഒരു വീട്ടിൽ മോഷണശ്രമം പരാജയപ്പെട്ടു
theft in kottayam changanassery
symbolic image
Updated on

കോട്ടയം: ചങ്ങനാശേരിയിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം. വാടകയ്ക്ക് താമസിച്ചിരുന്നയാളുടെ വീട്ടിൽ നിന്നും രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും മറ്റൊരു വീട്ടിൽ നിന്ന് 900 രൂപയും കവർന്നു. വീട്ടുകാർ ഉണർന്നതിനാൽ ഒരു വീട്ടിൽ മോഷണശ്രമം പരാജയപ്പെട്ടു. ഇതിന് സമീപത്തുള്ള 2 വീടുകളിലും മോഷണസംഘം കയറിട്ടുണ്ട്. ചൂളപ്പടി - കടമാഞ്ചിറ റൂട്ടിൽ പല വീടുകളിലും ഇന്നലെ രാത്രി മോഷണവും മോഷണ ശ്രമവും നടന്നു.

ചങ്ങനാശേരി പാറേൽ പള്ളിക്ക് സമീപം ക്രൈസ്റ്റ് നഗർ സജ്ജീവനി റോഡിൽ വാടകയ്ക്ക് താമസിക്കുന്ന കൊച്ചു പറമ്പിൽ ജോസി വർഗീസിൻ്റെ വീട്ടിലാണ് വൻ മോഷണം നടന്നത്. ജോസിയുടെ ഭാര്യ സൗമ്യ അടുത്ത ദിവസം വിദേശത്തേക്ക് പോകാൻ ടിക്കറ്റ് എടുക്കാനായി കരുതിയ രണ്ടര ലക്ഷം രൂപയും ഒന്നര പവനിലേറെ വരുന്ന വജ്ര - സ്വർണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. ഫൊറൻസിക് പരിശോധന പൂർത്തിയായ ശേഷം മാത്രമേ മറ്റെന്തെങ്കിലും നഷ്ടമായിട്ടുണ്ടോ എന്നുള്ള കാര്യം വ്യക്തമാകൂ.

അതേസമയം കുരിശുംമൂട് സ്വദേശി ആന്റണിയുടെ വീട്ടിലെ മേശയുടെ ഡ്രോയിൽ നിന്നും 900 രൂപയോളം നഷ്ടപ്പെട്ടു. വീട്ടുകാർ ഉണർന്നപ്പോൾ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപവാസിയായ ബൈജുവിന്റെ ഉൾപ്പെടെ പല വീടുകളിലും മോഷ്ടാക്കൾ അകത്തു കയറുവാൻ ശ്രമം നടത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെ ഒരു മണിക്കും 4മണിക്കും ഇടയിലാണ് മോഷണങ്ങൾ നടന്നതെന്നാണ് കരുതുന്നത്. പ്രദേശത്തുള്ള ഒരു നിരീക്ഷണ ക്യാമറയിൽ , തമിഴ്നാട് സ്വദേശി എന്ന് കരുതുന്ന മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇത് മുൻനിർത്തി ചങ്ങനാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.