ബെംഗളൂരു: സ്വപ്ന സുരേക്ഷിനെ കാണാൻ ബെംഗളൂരുവിൽ എത്തിയപ്പോൾ ഒപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നെന്ന ആരോപണം തള്ളി വിജേഷ്. തന്‍റെ കൂടെ മറ്റാരും ഉണ്ടായിരുന്നില്ല, ഹോട്ടലിൽ മുറിയെടുത്തത് ഒറ്റയ്ക്കാണ്, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും കൂട്ടാളി ആരാണെന്ന് തെളിയിക്കാൻ സ്വപ്നയെ വെല്ലുവിളിക്കുന്നു എന്നും വിജേഷ് പ്രതികരിച്ചു.
കർണാടക പൊലീസ് വിജേഷ് പിള്ളയ്ക്കെതിരെ കേസെടുത്ത് നടപടികൾ ആരംഭിച്ചുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം. മൊഴി രേഖപ്പെടുത്തിയതായും, വിജേഷ് പിള്ള താമസിച്ച ഹോട്ടലിൽ കൊണ്ടുപോയി തെളിവു ശേഖരിച്ചതായും സ്വപ്ന പറ്ഞ്ഞു. അതേസമയം വിജേഷിനൊപ്പം ഹോട്ടലിൽ മറ്റൊരാളും താമസിച്ചിരുന്നതായി ഹോട്ടൽ മാനേജ്മെന്‍റ് പൊലീസിനെ അറിയിച്ചുവെന്നും സ്വപ്ന ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ആരായിരിക്കും പിന്നണിയിലുള്ള അജ്ഞാതൻ എന്ന ചോദ്യത്തോടെയാണു സ്വപ്നയുടെ കുറിപ്പ് അവസാനിക്കുന്നത്.
വിജയ് പിള്ള എന്നയാൾ അഭിമുഖത്തിനെന്ന പേരിൽ വിളിച്ചിരുന്നുവെന്നും, ബെംഗളൂരുവിലെ ഒരു ഹോട്ടൽ ലോബിയിൽ വച്ച് സംസാരിക്കവെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള പരാമർശങ്ങൾ ഒഴിവാക്കി കേരളം വിടുന്നതിന് 30 കോടി വാഗ്ദാനം ചെയ്തതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ളയും രംഗത്തെത്തി. വെബ് സിരീസിന്‍റെ ചർച്ചയ്ക്കു വേണ്ടിയാണു കണ്ടതെന്നായിരുന്നു വിജേഷിന്‍റെ വിശദീകരണം.