കൊച്ചി: ആൺസുഹൃത്ത് ബന്ധത്തിൽ നിന്നും പിന്മാറിയ മനോവിഷമത്തിൽ യുവാവ് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം കടവനന്ത്ര പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ ശുചിമുറിയിൽ ബെൽറ്റ് കഴുത്തിൽ കുരുക്കിയാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കോഴിക്കോട് സ്വദേശി അഭിനന്ദാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻ തന്നെ പൊലീസുകാർ യുവാവിനെ ആശുപത്രിയിലെത്തിച്ചു. അഭിനന്ദിന്‍റെ ആരോഗ്യ നില തൃപ്തിക്കരമാണെന്നാണ് വിവരം.
എറണാകുളം പള്ളുരുത്തി സ്വദേശിയുമായി അഭിനന്ദ് ഒന്നര വർഷത്തോളമായി അടുപ്പത്തിലായിരുന്നു. എന്നാൽ, അടുത്തിടെ പള്ളുരുത്തി സ്വദേശിയായ യുവാവ് ബന്ധത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നുവെന്നാണ് യുവാവിന്‍റെ പരാതി. സംഭവത്തെ തുടര്‍ന്ന് സ്റ്റേഷനിൽ പരാതിയുമായി എത്തിയ യുവാവ് ശുചിമുറിയിൽ പോയി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.