കോട്ടയം: മുണ്ടക്കയത്ത് വിൽപനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിളപ്പിൽ പുളിയറക്കോണം ഭാഗത്ത് അരവിന്ദ് ഭവൻ വീട്ടിൽ അരവിന്ദ് അനിൽ (26) എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
മുണ്ടക്കയം ചോറ്റി ത്രിവേണി ഭാഗത്ത് മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും, മുണ്ടക്കയം പൊലീസും ചേർന്ന് തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി ഇയാളെ ചോറ്റി ത്രിവേണി ഭാഗത്തുനിന്ന് പിടികൂടുന്നത്. ഇയാളിൽ നിന്നും 40ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. മുണ്ടക്കയം സ്റ്റേഷൻ എസ്എച്ച്ഓ രാകേഷ് കുമാർ, എസ്ഐ സുരേഷ് ബാബു, എസ്.ഐ ഉജ്ജ്വല ഭാസി, സിപിഓമാരായ സെബാസ്റ്റ്യൻ, റഫീഖ് കൂടാതെ ജില്ലാ ലഹരി വിരുദ്ധ സ്വാഡ് അംഗങ്ങളുമാണ് ജില്ലാ പൊലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്. അരവിന്ദിന് വിളപ്പിൽശാല സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി. ഈ കേസിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.