ഓൺലൈൻ തട്ടിപ്പ്: വീട്ടമ്മയിൽ നിന്ന് 17 ലക്ഷം തട്ടിയ കേസിൽ ഒരാൾ കൂടി പിടിയിൽ

കേസിൽ നാല് പേരെ നേരത്തെ പിടികൂടിയിരുന്നു.
youth held over online fraud
ഓൺലൈൻ തട്ടിപ്പ്: വീട്ടമ്മയിൽ നിന്ന് 17 ലക്ഷം തട്ടിയ കേസിൽ ഒരാൾ കൂടി പിടിയിൽ
Updated on

കൊച്ചി: ഓൺലൈൻ തട്ടിപ്പിലൂടെ വീട്ടമയ്ക്ക് പതിനേഴ് ലക്ഷം രൂപ നഷ്ടപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് കിഴക്കോത്ത് മേലേ ചാലിൽ വീട്ടിൽ മുഹമ്മദ് സെയ്ദ് (26)നെയാണ് റൂറൽ ജില്ലാ സൈബർ പോലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട് നാല് പേരെ നേരത്തെ പിടികൂടിയിരുന്നു. കോഴിക്കോട് പെരുവയൽ പുലപ്പറമ്പിൽ മുഹമ്മദ് മിൻഹാജ് (22), പെരുവയൽ പന്തീരൻകാവ് കുഴിപ്പള്ളി മിത്തൽ ഷിഫാദലി (27), ഇരുപതു വയസുള്ള രണ്ട് പേർ എന്നിവരെയാണ് നേരത്തെസൈബർ ടീം അറസ്റ്റ് ചെയ്തത്. ഇവർ പിടിയിലായതറിഞ്ഞ് ദുബായിലേക്ക് ഇയാൾ മുങ്ങിയിരുന്നു. പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടി പോലീസ് സ്വീകരിച്ചിരുന്നു.

സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ടുകൾ എടുത്ത് തട്ടിപ്പ് സംഘത്തിന് വിൽക്കുകയും അതിന് കൂട്ടുനിൽക്കുകയും ചെയ്തവരാണ് ഇതുവരെ പിടിയിലായവർ. ഇവർ അക്കൗണ്ട് എടുക്കുകയും എടുപ്പിക്കുകയും ചെയ്യുന്നവരാണ്. ലക്ഷങ്ങളുടെ ഇടപാടാണ് ഇവരുടെ അക്കൗണ്ടുകളിലൂടെ കടന്നുപോകുന്നത്. അക്കൗണ്ട് എടുത്ത് ഒരു നിശ്ചിത തുകയ്ക്ക് വിൽക്കുകയും, അക്കൗണ്ടിൽ വരുന്ന ഒരു ലക്ഷം രൂപയ്ക്ക് 1000 രൂപ കമ്മീഷൻ ലഭിക്കുകയും ചെയ്യും. ഇതിലൂടെ ഗുരുതര പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. പിടിയിലായവരിൽ ഒരാളുടെ പേരിൽ മാത്രം എട്ട് അക്കൗണ്ടുകളുണ്ട്. ഇതിലൂടെ എത്ര രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

വീട്ടിലിരുന്ന് ഒൺലൈൻ ടാസ്ക്കിലൂടെ ജോലി ചെയ്ത് വരുമാനമുണ്ടാക്കാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ചാണ് എടത്തല സ്വദേശിനിയായ വീട്ടമ്മയ്ക്ക് 17 ലക്ഷം രുപ നഷ്ടമായത്. വീട്ടമ്മ ഒരു സൈറ്റിൽ പ്രവേശിച്ച് അതിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്തത്. "വെറൈറ്റി ഫുഡിന് " റേറ്റിംഗ് ഇടുകയായിരുന്നു ജോലി. ഇതിലുടെ കുറച്ച് പണം ലഭിക്കുകയും ചെയ്തു. വീട്ടമ്മയ്ക്ക് കമ്പനിയിൽ വിശ്വാസം ജനിപ്പിക്കാനാണ് തട്ടിപ്പു സംഘം പ്രതിഫലമെന്ന പേരിൽ ചെറിയ തുകകൾ നൽകിയത്. ഉടനെ അടുത്ത ഓഫർ വന്നു. കുറച്ച് തുക ഇൻവെസ്റ്റ് ചെയ്താൽ വൻ തുക ലാഭം കിട്ടും. 3 ലക്ഷം,, 5 ലക്ഷം, 2 ലക്ഷം എന്നിങ്ങനെ ഘട്ടം ഘട്ടമായി തുക നിക്ഷേപിച്ചു. ആദ്യഘട്ടത്തിൽ അതിനും ചെറിയ തുക തിരികെക്കൊടുത്തു. അങ്ങനെ പല ഘട്ടങ്ങളിലായി 17 ലക്ഷം രൂപ നിക്ഷേപിച്ചു.

സംഘം പറഞ്ഞ ഒമ്പത് അക്കൗണ്ടുകളിലേക്കാണ് വീട്ടമ്മ പണം നിക്ഷേപിച്ചത്. ലാഭവിഹിതമായി വൻ തുക അവരുടെ പേജിൽ കാണിച്ചു കൊണ്ടുമിരുന്നു. ഒടുവിൽ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ അതിന് സാധിച്ചില്ല. അപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് പരാതി നൽകി. ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.

വീട്ടമ്മയുമായി തട്ടിപ്പ് സംഘം ആശയ വിനിമയം നടത്തിക്കൊണ്ടിരുന്നത് ടെലഗ്രാം വഴിയാണ്.അതിലൂടെയാണ് ഏത് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കുന്നതെന്ന നിർദ്ദേശം നൽകുന്നത്.

ഇൻസ്പെക്ടർ വിബിൻദാസ്, എസ്.ഐമാരായ സി.ആർ ഹരിദാസ്, എം.അജേഷ്, എ എസ് ഐ ടി.കെ സലാവുദീൻ, സി പി ഒ മാരായ ലിജോ ജോസ്, ആൽബിൻ പീറ്റർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Trending

No stories found.

Latest News

No stories found.