4 മാസത്തിനിടെ ഒരു ലക്ഷം കണ്ടെയ്‌നറുകള്‍; ചരിത്ര നേട്ടവുമായി വിഴിഞ്ഞം

ട്വിന്‍റി ഫൂട്ട് ഇക്വലന്‍റ് യൂണിറ്റ് കണ്ടെയ്‌നർ വഴി 7.4 കോടി രൂപയുടെ വരുമാനമാണ് ജിഎസ്ടി ഇനത്തിൽ സർക്കാർ ഖജനാവിലേക്ക് എത്തിയത്
1 lakh containers in 4 months;
historic achievement by vizhinjam
4 മാസത്തിനിടെ ഒരു ലക്ഷം കണ്ടെയ്‌നറുകള്‍(കിക്കർ) ചരിത്ര നേട്ടവുമായി വിഴിഞ്ഞം
Updated on

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ട്രയൽ റൺ ആരംഭിച്ച് നാല് മാസത്തിനിടെ എത്തിയത് ഒരു ലക്ഷം ടിഇയു (ട്വിന്‍റി ഫൂട്ട് ഇക്വലന്‍റ് യൂണിറ്റ്) കണ്ടെയ്‌നർ. ഇതുവഴി 7.4 കോടി രൂപയുടെ വരുമാനമാണ് ജിഎസ്ടി ഇനത്തിൽ സർക്കാർ ഖജനാവിലേക്ക് എത്തിയത്. ശനി‍യാഴ്ച രാത്രിയോടെയാണ് ഒരു ലക്ഷം ടിഇയു എന്ന നാഴികക്കല്ല് തുറമുഖം പിന്നിട്ടതെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.

1,00,807 ടിഇയു ആണ് ഇവിടെ കൈകാര്യം ചെയ്തത്. ഇതിനകം ലോകത്തിലെ വമ്പൻ ചരക്ക് കപ്പലുകൾ കേരളത്തിന്‍റെ തീരത്തെത്തിക്കഴിഞ്ഞു. നവംബർ ഒൻപത് വരെയുള്ള കണക്ക് അനുസരിച്ച് 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. ജൂലൈ മാസത്തിൽ മൂന്ന്, സെപ്റ്റംബറിൽ 12 ,ഒക്ടോബറിൽ 23 ,നവംബർ മാസത്തിൽ ഇതുവരെ എട്ട് എന്നിങ്ങനെയാണ് തുറമുഖത്ത് എത്തിച്ചേർന്ന കപ്പലുകളുടെ എണ്ണം. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയിൽപ്പെടുന്ന എംഎസ്‍സി ക്ലോഡ് ഗിരാർഡെറ്റ്, അന്ന, വിവിയാന, എന്നീ കപ്പലുകൾ എത്തിച്ചേർന്നു. ഇവയ്ക്ക് പിന്നാലെ മറ്റ് കപ്പലുകളും എത്തുമെന്നും വിഴിഞ്ഞം ഇന്ത്യയുടെ സുവർണ്ണതീരമായി മാറുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ലോകത്തെ ഏറ്റവും വലിപ്പമുള്ള മദര്‍ ഷിപ്പുകള്‍ അഥവ മാതൃ യാനങ്ങള്‍ക്ക് നങ്കൂരമിടാന്‍ സൗകര്യമുള്ള ഇന്ത്യയിലെ ഏക ട്രാന്‍സ്ഷിപ്പ്‌മെന്‍റ് തുറമുഖമായി അന്താരാഷ്‌ട്ര മാരിടൈം ഭൂപടത്തിലിടം നേടിയ വിഴിഞ്ഞം, ഇന്ത്യയിലെ മറ്റ് തുറമുഖങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്‌തമാണ്. ആദ്യവർഷം തന്നെ 15 ലക്ഷം ടിഇയു കണ്ടെയ്‌നർ കൈകാര്യശേഷിയാണ് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ലക്ഷ്യമിടുന്നത്.

പ്രതിവര്‍ഷം ഇത്രയും ചരക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന തുറമുഖം ഇന്ത്യയില്‍ മറ്റെവിടെയുമില്ലെന്നതാണ് വിഴിഞ്ഞത്തെ വ്യത്യസ്തമാക്കുന്നത്. തുറമുഖത്തിന്‍റെ ആദ്യഘട്ടം ഈ വർഷം ഡിസംബറോടെ കമ്മീഷൻ ചെയ്യാനാണ് നിലവിലെ തീരുമാനം. രണ്ടും മൂന്നും ഘട്ടങ്ങൾ 2028 ഡിസംബറോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വാസവൻ അറിയിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.