കയറ്റുമതിക്ക് പുതിയതായി നൂറോളം സഹകരണ സംഘങ്ങള്‍ രംഗത്ത്: മന്ത്രി വി.എന്‍ വാസവന്‍

കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് യാത്ര കപ്പല്‍ ആരംഭിക്കും
കയറ്റുമതിക്ക് പുതിയതായി നൂറോളം സഹകരണ സംഘങ്ങള്‍ രംഗത്ത്: മന്ത്രി വി.എന്‍ വാസവന്‍
vn vasavan
Updated on

കൊച്ചി: വിദേശത്തേക്കു കയറ്റുമതി ചെയ്യാന്‍ മൂല്യവര്‍ധിത കാര്‍ഷിക ഉല്പന്നങ്ങള്‍ നല്‍കാന്‍ പുതിയതായി നൂറോളം സഹകരണ സംഘങ്ങള്‍കൂടി രംഗത്തുവന്നതായി സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. നിലവില്‍ ധാരണയായ 30 സഹകരണ സംഘങ്ങള്‍ക്കു പുറമേയാണിതെന്നും മന്ത്രി പറഞ്ഞു. അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന സഹകരണ വകുപ്പിന്റെ 12 ടണ്‍ വരുന്ന മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആദ്യ കണ്ടെയ്‌നര്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ഫ്ളാഗ് ഓഫ് ചെയ്തശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കാര്‍ഷിക മേഖലയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണു മൂല്യവര്‍ധിത കാര്‍ഷിക ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. അമേരിക്ക, യുറോപ്പ് തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതി കാര്‍ഷിക മേഖലയ്ക്കു വന്‍ ഉണര്‍വാകുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്ന പുതിയ കാല്‍വയ്പാണിത്. വലിയ തോതില്‍ ഇത് വ്യാപിപ്പിക്കും. ധാരാളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. മൂല്യവര്‍ധിത കാര്‍ഷിക ഉല്പന്നങ്ങള്‍ നല്‍കാന്‍ പുതിയതായി നൂറോളം സഹകരണ സംഘങ്ങള്‍ തയ്യാറാണ്. അവരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

ആദ്യഘട്ടമായി മൂന്നു സഹകരണ സംഘങ്ങളുടെ മൂല്യവര്‍ധിത കാര്‍ഷിക ഉല്പന്നങ്ങളാണ് അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്നത്. തങ്കമണി സഹകരണസംഘത്തിന്റെ തേയിലപ്പൊടി, കാക്കൂര്‍ സഹകരണസംഘത്തിന്റെ ശീതികരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി, വാരപ്പെട്ടി സഹകരണസംഘം ഉത്പാദിപ്പിച്ച മസാലയിട്ട മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക എന്നിവയാണ് കയറ്റുമതി ചെയ്യുന്നത്. കൂടുതല്‍ ഉല്പന്നങ്ങള്‍ അടുത്ത ഘട്ടത്തില്‍ കയറ്റുമതി ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട 30 സഹകരണ സംഘങ്ങള്‍ക്ക് കുമരകത്ത് സര്‍ക്കാര്‍ പരിശീലനവും നല്‍കി. ഇവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉറപ്പാക്കുന്നതിന് അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് നബാര്‍ഡിന്റെ സഹായത്തോടെ കേരള ബാങ്ക് പ്രാഥമിക സംഘങ്ങള്‍ക്ക് ഒരു ശതമാനം പലിശയ്ക്ക് 2 കോടി രൂപ വരെ 7 വര്‍ഷക്കാലയില്‍ വായ്പ നല്‍കുന്നുണ്ട്. സര്‍ക്കാര്‍ സബ്‌സിഡിയോടെയാണിത്. ഗോഡൗണ്‍ നിര്‍മ്മിക്കുന്നതിനും മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ക്കു ശീതികരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുമാണ് 2 കോടി രൂപ വീതം നല്‍കുന്നത്. കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൊച്ചിയില്‍ ഒരു ഓഫീസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കോതമംഗലം ആസ്ഥാനമായുള്ള മഠത്തില്‍ എക്‌സ്‌പോര്‍ട്ടേഴ്‌സിനാണ് ഉല്‍പന്നങ്ങള്‍ വിദേശ വിപണിയില്‍ എത്തിക്കാന്‍ ചുമതല നല്‍കിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഷിപ്പിങ് സി & എഫ് ഏജന്റ്‌സായ മള്‍ട്ടി ഡയമെന്‍ഷല്‍ ഫ്രൈറ്റ് എല്‍എല്‍പി(എംഡിഎഫ്) ആണ് ഷിപ്പിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത്.

ഏറമല സഹകരണ സംഘത്തിന്റെ തേങ്ങാപ്പാല്‍, മറയൂര്‍ ശര്‍ക്കര, മാങ്കുളം ഫാഷന്‍ ഫ്രൂട്ട്, അഞ്ചരക്കണ്ടി സഹകരണ സംഘത്തിന്റെ മൂല്യവര്‍ധിത ഉല്പന്നങ്ങള്‍, തേങ്ങാപ്പാല്‍, വെളിച്ചെണ്ണ, ആലങ്ങാടന്‍ ശര്‍ക്കര എന്നിവയും അടുത്ത ഘട്ടത്തില്‍ കയറ്റുമതി ചെയ്യും. ക്വാളിറ്റി കെയര്‍ ടെസ്റ്റ് വിജയിക്കുന്നതിന് അനുസരിച്ച് മറ്റ് സഹകരണ സംഘങ്ങളുടെ ഉല്പന്നങ്ങളും കയറ്റുമതി ചെയ്യും. നിലവില്‍ മൂല്യവര്‍ധിത ഉല്ന്നങ്ങള്‍ക്ക് ആഭ്യന്തര വിപണയില്‍ നല്ല മാര്‍ക്കറ്റുണ്ട്. 420 ഉല്പന്നങ്ങള്‍ സഹകരണ സംഘങ്ങള്‍ വിപണിയിലിറക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

30 രാജ്യങ്ങളിലെ മന്ത്രിമാര്‍ പങ്കെടുത്ത ഏഷ്യ പസഫിക് സഹകരണ മന്ത്രിമാരുടെ ഉച്ചകോടിയില്‍ ക്ഷണം ലഭിച്ച ഏക സംസ്ഥാനമാണ് കേരളം. സഹകരണ മേഖലയില്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളുടെ കാര്യത്തിലും ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ടതും കേരളത്തിലെ ഉല്പന്നങ്ങളാണെന്നും മന്ത്രി പറഞ്ഞു. 823 ശാഖകളുമായാണ് കേരള ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ സാമൂഹ്യ പ്രതിബദ്ധതയോടെയാണ് സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ലാഭം മാത്രമല്ല ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സഹകരണ നിധി ജൂലൈ അവസാനത്തോടെ നോട്ടിഫിക്കേഷന്‍ ആകുമെന്നും മന്ത്രി പറഞ്ഞു. കരുവന്നൂര്‍ സഹകരണ ബാങ്ക് 120 കോടി രൂപ നിക്ഷേപകര്‍ക്കു തിരിച്ചു കൊടുത്തു. 2 കോടി രൂപയുടെ പുതിയ നിക്ഷേപവും വന്നുവെന്നും മന്ത്രി പറഞ്ഞു.

കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് യാത്ര കപ്പല്‍ ആരംഭിക്കുന്നതിനു പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി. ഇതിനായി 2 ഏജന്‍സികളെ തിരഞ്ഞെടുത്തു. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും വിവിധ തുറമുഖങ്ങളുമായി വിദേശതുറമുഖങ്ങളുമായി ബന്ധപ്പെട്ട് ടുറിസം രംഗത്തും പ്രവര്‍ത്തന ആരംഭിക്കും. 12 കോടി രൂപയുടെ പ്രവര്‍ത്തനമാകും ആദ്യഘട്ടത്തിലെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അവിടം കേന്ദ്രീകരിച്ചും ടൂറിസം, കയറ്റുമതി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരണ മേഖല പ്രവര്‍ത്തിക്കും. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ട്രയല്‍ നടത്തും. എത്രയും വേഗം തുറമുഖം കമ്മീഷന്‍ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണു നടക്കുന്നത്. 32 ക്രെയിനുകള്‍ ചൈനയില്‍ നിന്നും എത്തിച്ചു. കണ്ടെയ്‌നര്‍ ബര്‍ത്ത്, പുലിമുട്ടുകള്‍ പൂര്‍ത്തിയായി. ബൈപാസും റോഡും അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടി.വി സുഭാഷ്, കയറ്റുമതി കോ ഓഡിനേറ്റര്‍ എം.ജി രാമകൃഷ്ണന്‍, കാക്കൂര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് അനില്‍ ചെറിയാന്‍, മഠത്തില്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് പ്രതിനിധികള്‍, മള്‍ട്ടി ഡയമെന്‍ഷല്‍ ഫ്രൈറ്റ് എല്‍എല്‍പി(എംഡിഎഫ്) പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.