മഹാപ്രളയത്തിന് 100 വയസ്; സ്മാരകമായി പഴയ ആലുവ മൂന്നാർ റോഡ്, പഴയ രാജപാത പുനസ്ഥാപനം സാധ്യമോ??

മലയിടിഞ്ഞതിന്റെ അവശിഷ്ടം പഴയ ആലുവ മൂന്നാർ റോഡിലേക്കാണ് പതിച്ചത്. തകർന്ന റോഡിന്റെ മൈൽകുറ്റി ഇവിടെ കാണാം
മഹാപ്രളയത്തിന് 100 വയസ്; സ്മാരകമായി പഴയ ആലുവ മൂന്നാർ റോഡ്, പഴയ രാജപാത പുനസ്ഥാപനം സാധ്യമോ??
പഴയ ആലുവ - മൂന്നാർ രാജപാതയുടെ ഭാഗം
Updated on

കോതമംഗലം: മഹാപ്രളയത്തിന് 100 വയസായി. മാമലകണ്ടത്തിനും മാങ്കുളത്തിനും മധ്യേ കുറത്തിക്കുടിക്ക് സമീപം കരിന്തിരിമലയിലെ ഉരുൾപ്പൊട്ടലിൽ തകർന്ന പഴയ ആലുവ-മൂന്നാർ റോഡ് (രാജപാത) മഹാപ്രളയത്തിന്റെ സ്മാരകമായി അവശേഷിക്കുന്നു. തിരുവിതാംകൂർ രാജഭരണ കാലത്തുണ്ടായിരുന്ന പഴയ ആലുവ-മൂന്നാർ റോഡ് മഹാപ്രളയത്തിൽ കരിന്തിരിമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ തകർന്നു. മന്നാൻമാർ താമസിച്ചിരുന്ന മന്നാംകുടി ഉരുൾപ്പൊട്ടലിൽ ഒലിച്ചുപോയി. കോതമംഗലം-കുട്ടംപുഴ-മാങ്കുളം വഴിയായിരുന്നു പഴയ ആലുവ-മൂന്നാർ റോഡ്. മലയിടിഞ്ഞതിന്റെ അവശിഷ്ടം പഴയ ആലുവ മൂന്നാർ റോഡിലേക്കാണ് പതിച്ചത്. തകർന്ന റോഡിന്റെ മൈൽകുറ്റി ഇവിടെ കാണാം.

മലയിടിഞ്ഞ് കൂറ്റൻ പാറക്കല്ലുകൾ വീണ് കൂടിക്കിടക്കുന്ന ഭാഗം പ്ലാക്കല്ല്, വഞ്ചിക്കല്ല് അതുപോലെ മല ഇടിഞ്ഞുണ്ടായി രൂപപ്പെട്ട കരിങ്കുളം മൂന്നുകല്ലിന് താഴെയായി കാണാവുന്നതാണെന്ന് കുറത്തിക്കുടിയിലെ ആദിവാസികൾ പറഞ്ഞു. രാജപാതയായി അറിയപ്പെട്ടിരുന്ന റോഡ് തീർത്തും ഗതാഗതയോഗ്യമല്ലാതായതോടെ 1935-ൽ തിരുവിതാകൂർ രാജാവായിരുന്ന ചിത്തിരതിരുനാൾ ബാലരാമ വർമയുടെ കാലത്ത് നിർമിച്ചതാണ് ഇന്നുകാണുന്ന നേര്യമംഗലം ആർച്ചുപാലം ഉൾപ്പെടുന്ന ദേശീയ പാതയായി അറിയപ്പെടുന്ന റോഡ്.

കുട്ടംപുഴ-മാങ്കുളം വഴി മൂന്നാറിലേക്ക് പഴയ ആലുവ-മൂന്നാർ റോഡായ രാജപാത ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കർമസമിതി രൂപവത്കരിച്ച് മുറവിളിയും ഉയരുന്നുണ്ട്. നിയമസഭയിൽ കോതമംഗലം എംഎൽഎ ആന്റണി ജോണും ദേവികുളം എംഎൽഎ എ. രാജയും ഉൾപ്പെടെ നിരവധി പേർ പഴയ രാജപാത തുറന്നു കിട്ടാനായി നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. കേന്ദ്ര വനം വകുപ്പ് നിയമങ്ങളാണ് നിലവിൽ തടസ്സമായി തുടരുന്നത്. അതു നീക്കാനുള്ള ശ്രമത്തിലാണ് അധികാരികൾ.

Trending

No stories found.

Latest News

No stories found.