പൊലീസ് സഹായത്തോടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയത് 117 പേർ; പാസായത് 52 പേർ മാത്രം

ചൊവ്വാഴ്ച മുതൽ ശക്തമായ രണ്ടാംഘട്ട സമരം തുടങ്ങുകയാണെന്ന് സ്കൂൾ നടത്തിപ്പുകാർ
117 people took the driving test today with the help of the police; Only 52 passed
driving testfile
Updated on

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാരുടെ പ്രതിഷേധം രണ്ടാം വാരത്തിലും തുടരുന്നു. തിങ്കളാഴ്ചയും വിവിധ കേന്ദ്രങ്ങളിൽ സമരക്കാർ നിസഹകരണം തുടർന്നു. ചിലയിടത്ത് ഇവർ ടെസ്റ്റ് തടയാൻ ശ്രമിച്ചത് സംഘർഷത്തിന് വഴിവച്ചു. പരിഷ്കരണം പിൻവലിക്കാത്ത സർക്കാർ നടപടിയിൽ തിരുവനന്തപുരത്തടക്കം ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാർ പ്രതിഷേധിച്ചു.

തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നിൽ ഡ്രൈവിങ് സ്കൂൾ സംഘടനകൾ ശക്തിപ്രകടനം നടത്തി. ചൊവ്വാഴ്ച മുതൽ ശക്തമായ രണ്ടാംഘട്ട സമരം തുടങ്ങുകയാണെന്ന് സംയുക്ത സമരസമിതി.

അതേസമയം, നേരിട്ട് അപേക്ഷയുമായി എത്തിയവർക്ക് പൊലീസ് സംരക്ഷണത്തിൽ ടെസ്റ്റ് നടത്താനായി. വിവിധ കേന്ദ്രങ്ങളിലായി 117 പേർ പങ്കെടുത്ത ടെസ്റ്റിൽ 52 പേരാണ് വിജയിച്ചത്. തിരുവനന്തപുരം മുട്ടത്തറയിൽ ടെസ്റ്റ് നടത്താനുള്ള നീക്കം സംഘർഷത്തിനു കാരണമായി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍റെ മകൾ ഉൾപ്പെടെ രണ്ടു പേരെയാണ് ടെസ്റ്റിന് എത്തിച്ചത്. ഇവരെ സമരക്കാർ തടഞ്ഞത് തർക്കത്തിന് കാരണമായി. ഒടുവിൽ പൊലീസ് സംരക്ഷണത്തിലാണ് ഇവർ ടെസ്റ്റിൽ പങ്കെടുത്തത്. സ്കൂൾ നടത്തിപ്പുകാരുടെ പ്രതിഷേധത്തിനിടെ നടന്ന ടെസ്റ്റ് പരാജയപ്പെട്ടപ്പോൾ സമരക്കാർ കൂട്ടമായി ടെസ്റ്റിനെത്തിയവരെ കൂകി വിളിച്ചു.

സമരത്തിന്‍റെ 13ാം ദിനത്തിൽ നടന്ന പ്രതിഷേധ പരിപാടികളിൽ വിവിധ ജില്ലകളിൽ നിന്നെത്തിയ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് ഡ്രൈവിങ് സ്ക്കൂൾ ഇൻസ്ട്രക്റ്റർമാരും വർക്കർമാരും സെക്രട്ടേറിയറ്റ് മാർച്ചിലും ധർണയിലും പങ്കെടുത്തു. ഭരണാനുകൂല സംഘടനയായ സിഐടിയു ഒഴികെ എല്ലാ സംഘടനകളും സമരത്തിന്‍റെ ഭാഗമായി. സിഐടിയുവുമായി 23ന് ഗതാഗത മന്ത്രി ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

വിവിധ കേന്ദ്രങ്ങളിലെ ടെസ്റ്റ് ഗ്രൗണ്ടുകൾക്കു മുന്നിൽ ഡ്രൈവിങ് സ്കൂൾ ഉടമകൾ പന്തൽ കെട്ടി ദിവസങ്ങളായി സമരം നടത്തുകയാണ്. വരും ദിവസങ്ങളിൽ മന്ത്രിയുടെ വസതിയിലേക്കടക്കം പ്രതിഷേധവുമായി നീങ്ങാനാണ് സമരക്കാരുടെ തീരുമാനം.

Trending

No stories found.

Latest News

No stories found.