തിരുവനന്തപുരം: തലസ്ഥാനത്തു നിന്നും കാണാതായ അസം സ്വദേശിയായ 13 വയസുകാരിക്കായി വ്യാപക തെരച്ചിൽ. കഴക്കൂട്ടത്തു താമസിക്കുന്ന ദമ്പതികളുടെ മകൾ തസ്മിത് തംസിനെ ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് കാണാതായത്. കുട്ടി തിരുവനന്തപുരത്തു നിന്നു ട്രെയ്‌നിൽ കന്യാകുമാരിയിലിലെത്തി അവിടെ നിന്ന് അതേ ട്രെയ്‌നിൽ ചെന്നൈയിലെത്തി എന്നാണു കണ്ടെത്തിയിരിക്കുന്നത്.
കന്യാകുമാരിയിലേക്കുള്ള ഐലൻഡ് എക്സ്പ്രസിൽ കയറിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കന്യാകുമാരി സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും പകൽ അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചില്ല. പിന്നീട് നാഗർകോവിൽ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കണ്ടു. അതേ ട്രെയ്ൻ കന്യാകുമാരിയിൽ നിന്നു ചെന്നൈയ്ക്കു പോയപ്പോൾ അതിലാണു പോയതെന്നാണു സൂചന. കുട്ടി ചെന്നൈയിൽ എത്തിയതായി വിവരം ലഭിച്ചതോടെ സ്റ്റേഷനിലും പരിസരത്തും പരിശോധിക്കുകയാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം കന്യാകുമാരിയിലേക്കുള്ള ട്രെയ്‌നിൽ കുട്ടിയെ സംശയകരമായി കണ്ട സഹയാത്രിക അവളുടെ ചിത്രം പകർത്തിയതാണ് വഴിത്തിരിവായത്. ഈ ചിത്രം കൂടി ഉപയോഗിച്ചാണ് കേരള- തമിഴ്നാട് മേഖലകളിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
അസമിൽ നിന്നുള്ള തൊഴിലാളിയുടെ കുടുംബം കേരളത്തിലെത്തിയിട്ട് ഒരു മാസം ആകുന്നതേയുള്ളൂ. അസമീസ് ഭാഷ മാത്രമാണ് കുട്ടിക്ക് അറിയാവുന്നത്. ഇളയ സഹോദരങ്ങളോട് വഴക്ക് കൂടിയതിന് അമ്മ വഴക്കു പറഞ്ഞതിനാണ് കുട്ടി വീടുവിട്ടിറങ്ങിയതെന്നാണു പറയുന്നത്. ചെന്നൈയിലുള്ള മൂത്ത സഹോദരന്‍റെ അടുത്തേക്ക് പോയതായിരിക്കാമെന്ന് കരുതിയതെങ്കിലും അയാൾ അവിടെയില്ലെന്ന് അന്വേഷണത്തിൽ മനസിലായി.
കുട്ടി നെയ്യാറ്റിൻകര വരെ ഉണ്ടായിരുന്നതായി ട്രെയ്നിലുണ്ടായിരുന്ന യുവതി പൊലീസിനെ അറിയിച്ചിരുന്നു. പാറശാല വരെ കുട്ടി ട്രെയ്‌നിലുണ്ടായിരുന്നു എന്ന് മറ്റൊരു യാത്രികയും പറഞ്ഞു. പിന്നീട്, നാഗർകോവിൽ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ഇറങ്ങി വെള്ളം എടുത്തതായും വിവരം ലഭിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ഐലൻഡ് എക്സ്പ്രസിൽ കന്യാകുമാരി സ്റ്റേഷനിലെത്തി. ഇതേ ട്രെയ്ൻ വൈകിട്ട് ചെന്നൈക്ക് പോകുമെന്നതിനാൽ കുട്ടി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയിട്ടില്ലേയെന്നു പൊലീസ് സംശയിച്ചിരുന്നു. അങ്ങനെ നടത്തിയ പരിശോധനയിലാണ് കുട്ടി ചെന്നൈയിലുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ പുലർച്ചെ ട്രെയ്ൻ ചെന്നൈയിൽ എത്തി. കുട്ടി അവിടെ പുറത്തിറങ്ങിയിരിക്കാം എന്നതിനാൽ പൊലീസ് സംഘം പരിശോധന നടത്തുകയാണ്.
ചെന്നൈ ആർപിഎഫുമായി ബന്ധപ്പെട്ടെങ്കിലും വലിയ റെയ‌്ൽവേ സ്റ്റേഷനായതിനാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത് ദുഷ്കരമെന്ന വിവരമാണ് ലഭിച്ചത്. എന്നാൽ, കുട്ടി ചെന്നൈയിലെത്തിയതായാണ് സ്ഥിരീകരണം. ഗുവാഹത്തിയിലേക്ക് പോകുന്ന ട്രെയ‌്നിൽ കുട്ടി കയറിയോ എന്നും അന്വേഷിക്കുന്നു.
കേരള പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് തമിഴ്നാട് പൊലീസുമായി സഹകരിച്ചാണ് അന്വേഷണം. തസ്മിതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497960113, 112 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.